ഡൽഹി: ആന്ധ്ര മുൻ മുഖ്യമന്ത്രിയും അന്തരിച്ച മുൻ കോൺഗ്രസ് നേതാവുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും മുഖ്യമന്ത്രി ജഗൻ മോഹന്‍റെ സഹോദരിയുമായ വൈ.എസ്. ശർമിള കോൺഗ്രസിൽ. വൈ.എസ്.ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചതായും വൈ.എസ്. ശർമിള പ്രഖ്യാപിച്ചു.
എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് ശർമിളയെ സ്വീകരിച്ചു. വൈ.എസ്. ശർമിളക്കൊപ്പം പാർട്ടി എം.എൽ.എയുമാണ് ഇന്ന് കോൺഗ്രസിന്‍റെ ഭാഗമായത്.
മതേതര പാർട്ടി അധികാരത്തിൽ ഇല്ലാത്തതിന്‍റെ ദൂഷ്യഫലങ്ങളാണ് രാജ്യം അനുഭവിക്കുന്നതെന്ന് വൈ.എസ്. ശർമിള പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ മണിപ്പൂരിൽ ദാരുണ സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ല. കോൺഗ്രസിനെ വീണ്ടും അധികാരത്തിൽ എത്തിക്കുക തന്‍റെ ലക്ഷ്യമാണ്.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുക എന്നത് പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സ്വപ്നമാണ്. രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുമെന്നും ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും വൈ.എസ്. ശർമിള വ്യക്തമാക്കി.
വൈ.എസ്.ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപകയും അധ്യക്ഷയുമായ വൈ.എസ്. ശർമിള കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ 30ന് നടന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ വൈ.എസ്. ശർമിള മത്സരിക്കാൻ വിസമ്മതിക്കുകയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് ആശയങ്ങളെ ബഹുമാനിക്കുന്നതും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സ്നേഹിക്കുകയും ചെയ്യുന്ന ആർക്കും കോൺഗ്രസിലേക്ക് സ്വാഗതമെന്നാണ് ആന്ധ്ര പി.സി.സി. അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു പ്രതികരിച്ചത്.#congress