ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കേസിൽ പ്രതിയായിരുന്ന യുവാവിന്റെ ബന്ധു കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സിപിഎമ്മിനെയും സർക്കാരിനെയും പരിഹസിച്ച് പങ്കുവച്ച കുറിപ്പിലാണ് രാഹുൽ പ്രതികരിച്ചത്. കേരളം നടുങ്ങിയിരിക്കുന്ന സമയത്ത് ആഭ്യന്തരമന്ത്രി കെ-സൺ ഗ്രഹത്തിലാണോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
‘വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ അച്ഛനെയും മുത്തച്ഛനെയും പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് അർജ്ജുന്റെ ചെറിയച്ഛൻ കുത്തിപരുക്കേല്പ്പിച്ചിട്ട് സിപിഎം ഓഫീസിൽ കയറി ഒളിച്ചു.
എനിക്കതിൽ അത്ഭുതമില്ല കാരണം അർജ്ജുനെതിരെ വണ്ടിപ്പെരിയാറിൽ സമരം ചെയ്ത ഞങ്ങൾക്ക് നേരെ വാരിക്കുന്തവുമായി അക്രമം അഴിച്ചുവിട്ട സിപിഎംഡിവൈഎഫ്‌ഐ പ്രവർത്തകരെ ഞാൻ നേരിട്ട് കണ്ടതാണ്’- രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ഇന്ന് രാവിലെയോടെയാണ് കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും അർജുന്റെ ബന്ധു കുത്തിപ്പരിക്കേൽപ്പിച്ചത്. പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും വണ്ടിപ്പെരിയാർ ടൗണിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. ഈ സമയം അർജുന്റെ പിതാവിന്റെ സഹോദരൻ അവിടേക്ക് എത്തിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ കേസിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. പിന്നീട് ഇവർ പിരിഞ്ഞുപോയെങ്കിലും അർജുന്റെ പിതാവിന്റെ സഹോദരൻ തിരച്ചെത്തി കുട്ടിയുടെ അച്ഛന്റെ കാലിൽ കുത്തുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ വണ്ടിപ്പെരിയാറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല എന്നാണ് ഡോക്ടർമാർ അറിയിച്ചത്.