തൃശ്ശൂർ: സഹകരണ ബാങ്കിലെ വായ്പ കുടിശ്ശികയിൽ ഇളവു തേടി നവകേരള സദസ്സിലെത്തി പരാതി നൽകിയ യുവാവിന് നാല് ലക്ഷത്തിന്‍റെ കുടിശികയിൽ 515 രൂപ മാത്രം ഇളവ് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. കിളിയന്തറ സ്വദേശിയായ യുവാവിന് ലഭിച്ചത് 515 രൂപയുടെ ഇളവാണ്. ഇരിട്ടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനെത്തിയപ്പോഴാണ് അപേക്ഷ നൽകിയത്. പരാതിക്ക് പരിഹാരമായി ഇളവ് ചെയ്ത 515 രൂപയും അതിനൊപ്പം കഴിക്കാൻ സൗജന്യമായി അണ്ടിപരിപ്പും മുഖ്യമന്ത്രിക്ക് പാഴ്സൽ അയച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. വലപ്പാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയാണ് പ്രതിഷേ സമരത്തിന് നേതൃത്വം നൽകിയത്.
കേരള ബാങ്കിന്‍റെ ഇരിട്ടി സായാഹ്ന ശാഖയിൽ നിന്ന് വായ്പയെടുത്ത യുവാവിനാണ് ഈ സ്ഥിതി. വീട് അറ്റകുറ്റപ്പണിക്കാണ് യുവാവ് നാലുലക്ഷം രൂപ വായ്പയെടുത്തത്. കേരള ബാങ്കിന്‍റെ ഇരിട്ടി സായാഹ്ന ശാഖയിൽ 3,97,731 രൂപ ഇനിയും അടക്കാനുണ്ട്. കുടിശ്ശിക ഇളവാണ് അപേക്ഷയിൽ കാര്യമായി ആവശ്യപ്പെട്ടത്. പരാതി തീർപ്പാക്കിയതായി സഹകരണസംഘം ജോയന്‍റ് രജിസ്ട്രാറുടെ അറിയിപ്പ് വന്നപ്പോഴാണ് ഇത്ര ചെറിയ തുകയുടെ ഇളവാണ് ലഭിച്ചതെന്ന് യുവാവ് അറിയുന്നത്. 3,97,731 രൂപയിൽനിന്ന് 515 രൂപ കുറച്ച് ബാക്കി 3,97,216 രൂപ ഈ മാസം 31നകം ബാങ്കിൽ അടക്കണമെന്നും നോട്ടീസിലുണ്ട്.