തിരുവനന്തപുരം: നവ കേരള സദസിനെതിരെ പ്രതിപക്ഷം സമര രംഗത്തിറങ്ങുന്നതിനിടെ യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കേസിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തതോടെ കോൺഗ്രസ് പ്രതിരോധത്തിൽ. യൂത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ സംഘടനാതിരഞ്ഞെടുപ്പു പ്രക്രിയയിലെ കല്ലുകടി പാർട്ടിയെ ഒന്നാകെ ബാധിച്ചെന്നാണ് വിലയിരുത്തൽ. എൽ.ഡി.എഫിനും സർക്കാരിനുമെതിരെ അരയും തലയും മുറുക്കി രംഗത്തിറങ്ങേണ്ട സമയത്ത് സ്വന്തം പ്രവർത്തകർ ഒരുക്കിയ വാരിക്കുഴിയിൽ വീണ അവസ്ഥയിലാണ് പാർട്ടി.
സംഘടനാ തിരഞ്ഞെടുപ്പെന്ന ഉൾപ്പാർട്ടി പ്രക്രിയയിൽ വന്ന പാളിച്ച മുതലെടുക്കാൻ സി.പി.എമ്മിനും ബി.ജെ.പിക്കും അരങ്ങൊരുക്കിയത് യൂത്ത് കോൺഗ്രസിന്റെ ഉത്തരവാദിത്വമില്ലായ്മയാണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലിയിരുത്തൽ. സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ ചിലർ വിവരങ്ങൾ ചോർത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കുക കൂടി ചെയ്തതോടെ,അത് ഭരണപക്ഷത്തിന് പ്രതിപക്ഷത്തെ അടിക്കാൻ വീണു കിട്ടിയ വടിയായി.
നവകേരള സദസിൽ മുഖ്യമന്ത്രിയും പുറത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയും വിഷയം ഗൗരവതരമായി ഉന്നയിച്ചതോടെ അതിന് രാഷ്ട്രീയമാനം കൈ വന്നു. പോഷക സംഘടനാ തിരഞ്ഞെടുപ്പിലൂടെ പാർട്ടിക്കാകെ ലഭിച്ച ഉണർവ്വ് ശരിയായ രീതിയിൽ വിനിയോഗിക്കും മുമ്പേ വ്യാജ ഐ.ഡി സംബന്ധിച്ച ആരോപണങ്ങൾ പുറത്ത് വരുകയായിരുന്നു.
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ഫലപ്രഖ്യാപനം മുതൽ സംഘടനയിലുണ്ടായ ഗ്രൂപ്പ് ചേരിപ്പോരാണ് പാർട്ടി നേതൃത്വത്തിനും വിനയായത്. ഭരണപക്ഷത്തിനെതിരെ സമരസജ്ജമാകേണ്ട യൂത്ത് കോൺഗ്രസ് തന്നെ സ്വയം ആരോപണത്തിൽ പെട്ട് നട്ടം തിരിയുന്ന അവസ്ഥയിൽ.