ആലപ്പുഴ: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പത്തനംതിട്ട അടൂരിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ മണ്ഡലമാണിത്. പരിശോധനയിൽ രണ്ട് പ്രാദേശിക നേതാക്കളുടെ വീട്ടിൽ നിന്ന് ലാപ്‌ടോപ്പുകളും അനുബന്ധ രേഖകളും പിടിച്ചെടുത്തു.
യൂത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വോട്ട് ചെയ്തെന്നാണ് പരാതി. കേസിൽ സ്വകാര്യ ഏജൻസി തയ്യാറാക്കിയ വിത്ത് ഐ.വൈ.സി എന്ന ആപ്പ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ ആപ്പിലേക്ക് വ്യാജ തിരിച്ചറിയൽ കാർഡുകൾ അപ്‌ലോഡ് ചെയ്തത് എങ്ങിനെയെന്നത് സംബന്ധിച്ചാണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പത്ത് പരാതികളാണ് പൊലീസിന് ഇതുവരെ ലഭിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പൊലീസ് ഉടൻ നോട്ടീസ് അയക്കുമെന്നാണ് വിവരം. കാർഡ് നിർമിച്ചുവെന്ന് അവകാശപ്പെട്ട് കൊല്ലം സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇയാളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കും. ഡി.വൈ.എഫ്.ഐ നേതാക്കളായ എ.എ റഹീം എം.പി, വി.കെ സനോജ്, വി.വസീഫ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
അതേസമയം, വ്യാജ ഐഡിയുമായി ബന്ധപ്പെട്ട പരാതിയിൽ കെപിസിസി തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുവരെ വിശദീകരണം നൽകിയില്ല. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദേശിച്ചിരുന്നത്. അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.