ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല. ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലുപ്പം, അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയെക്കാൾ മൂന്നിരട്ടി വലുത് ഇപ്പോൾ വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ്. അന്റാർട്ടിക് തീരത്തുണ്ടായിരുന്ന വലിയൊരു മഞ്ഞുമലയിൽ നിന്ന് അടർന്നുമാറിയ ഈ മഞ്ഞുമലയാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലുത്.
വലിപ്പത്തിൽ മുൻപനായ ഈ മഞ്ഞുമല വാർത്താ പ്രാധാന്യം നേടുന്നത് ഇതിന് സ്ഥാനചലനം സംഭവിച്ചതോടെയാണ്. എ23എ എന്ന ഈ മഞ്ഞുമല അന്റാർട്ടിക്കിൽ 30 വർഷത്തോളമായി കുടുങ്ങിയിരിക്കുകയായിരുന്നു. 2020ഓടെ ഇതിന് സ്ഥാനമാറ്റമുണ്ടാകുന്നതായി ഗവേഷകർ കണ്ടെത്തി. 1986ൽ അന്റാർട്ടിക്കിലെ ഫിൽച്‌നർ മഞ്ഞുമല പിളർന്നാണ് ഇതിന്റെ ഉത്ഭവം. 3884 ചതുരശ്ര കിലോമീറ്റർ വലുപ്പവും 399 മീറ്റർ കനവുമുള്ള വമ്പനാണ് മഞ്ഞുമല. ഒരു ബ്രീട്ടീഷ് ദ്വീപിലേക്ക് ലക്ഷ്യംവച്ചാണ് മഞ്ഞുമലയുടെ ഇപ്പോഴത്തെ യാത്ര.
അതിശക്തമായ കാറ്റും സമുദ്രജല പ്രവാഹങ്ങളുമാണ് ഇങ്ങനെയെല്ലാം സംഭവിക്കാൻ കാരണം. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തെക്കൻ ഭാഗത്തുകൂടി സൗത്ത് ജോർജിയയിൽ എത്തിച്ചേരും ഈ ഭീമൻ മഞ്ഞുമല.എന്നാലിത് പെൻഗ്വിനുകൾ, സീലുകൾ, വാൽറസുകൾ അടക്കം നിരവധി ജീവിവർഗങ്ങൾക്ക് കടുത്ത ഭീഷണിയാകും എന്ന ആശങ്കയും ഇതോടെ ഉയരുന്നുണ്ട്.