ഒരു സ്ത്രീയും ഒരു കടുവയും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ വന്യമൃഗങ്ങളിലൊന്നായിട്ടാണ് കടുവകളെ നാം കാണുന്നത്. അതിനാൽ തന്നെ ഈ വീഡിയോ നമുക്കൊരു അതിശയമായി തോന്നും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. വയസ്സായ ഒരു സ്ത്രീ ഒരു കടുവയെ വിളിക്കുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. പിന്നാലെ, കടുവ ഇറങ്ങി വരുന്നു.
സത്രീയുടെ കയ്യിൽ ഒരു പാൻ ഉണ്ട്. അതിൽ പാലാണ്. പുറത്തേക്കിറങ്ങി വന്ന കടുവയുടെ മുന്നിൽ സ്ത്രീ പാൻ വയ്ക്കുന്നതും കടുവ അതിൽ നിന്നും പാൽ കുടിക്കുന്നതും വീഡിയോയിൽ കാണാം. ഒരു പട്ടിയോ പൂച്ചയോ ഒക്കെ പെരുമാറുന്നത് പോലെയാണ് ഇവിടെ കടുവയും പെരുമാറുന്നത്. പാൽ കുടിച്ച് കഴിഞ്ഞ് കടുവ സ്ത്രീയുടെ മുഖത്ത് തന്റെ മുഖമുരുമ്മി സ്നേഹം പ്രകടിപ്പിക്കുന്നതുവരെ ഇവിടെ കാണാം. സ്ത്രീ അതിന്റെ കണ്ണ് വൃത്തിയാക്കിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം.
’20 വർഷത്തെ സ്നേഹം’ എന്ന് വീഡിയോയുടെ കാപ്ഷനിൽ എഴുതിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. 24.2 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടത്. നിരവധിപ്പേരാണ് അവിശ്വസനീയമായ ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്നാൽ, മിക്കവാറും പേർ കടുവ ഒരു വന്യമൃഗമാണ് എന്നത് മറന്നു പോകരുത് എന്ന് കമന്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ‘ഒരു വന്യമൃഗത്തെ വളർത്തുക എന്നാൽ സ്വന്തം ശവക്കുഴി തോണ്ടുക എന്നാണ് അർത്ഥം’ എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.#tiger