കോട്ടയം: കിഫ്ബി ഫണ്ടിൽനിന്നും 5.16 കോടി രൂപ ചെലവഴിച്ച് നിർമിച്ച അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ പരിസരത്ത് മാല്ന്യ കൂമ്പാരങ്ങൾ കുമിഞ്ഞ് കൂടുന്നു… .വിവിധ പ്രദേശങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ഇവിടെ കൂടിക്കിടക്കുന്ന്ത്. പഞ്ചായത്തിലെ 20 വാർഡിലെയും മാലിന്യം ശേഖരിച്ചു കൈമാറാനാണ് നിലവിൽ സ്റ്റേഡിയം ഉപയോഗിക്കുന്നത്.
നിർമാണം പൂർത്തിയാവുംമുമ്പേ ഇൻഡോർ 2021ൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നടത്തുകയും നാലുമാസം പിന്നിട്ടപ്പോൾ തറയിൽ വിള്ളലുകൾ രൂപപ്പെടുകയുമായിരുന്നു. കെട്ടിടത്തിന്റെ പുറത്തുള്ള തൂണുകൾ വളയുകയും കോൺക്രീറ്റ് പാളികൾ വിണ്ടുകീറുകയും ചെയ്തു. അഴിമതി ആരോപണത്തിൽ കുടുങ്ങിയ ഇൻഡോർ സ്റ്റേഡിയത്തിന് ഇതോടെ പൂട്ടുവീണു.
2019 ജനുവരിയിലാണ് നിർമാണം ആരംഭിച്ചത്. കിറ്റ്കോക്കായിരുന്നു നിർമാണച്ചുമതല. വെള്ളപ്പൊക്കവും കോവിഡും നിർമാണത്തെ തടസ്സപ്പെടുത്തി. 15000 ചതുരശ്ര അടിയുള്ള സ്റ്റേഡിയത്തിൽ രണ്ടു ബാഡ്മിന്റൺ കോർട്ട്, ഒരു വോളിബാൾ കോർട്ട്, സ്ത്രീകൾക്കും പുരുഷന്മർക്കുമായി ചെയ്ഞ്ച് റൂമുകൾ, ഓഫിസ്, ശൗചാലയം, ലോക്കർ സൗകര്യം, ജിംനേഷ്യം, ജലസംഭരണി എന്നിവ കെട്ടിടത്തിൽ ഒരുക്കിയിരുന്നു.
നിർമാണം പൂർത്തിയാക്കിയ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്തെ സ്റ്റേഡിയത്തിന്റെ താക്കോൽ നിലവിൽ കരാറുകാരന്റെ കൈവശമാണെന്നും ആക്ഷേപമുണ്ട്. നിർമാണത്തിലെ അപാകതകളും 80 ലക്ഷം രൂപയുടെ അഴിമതിയും ചൂണ്ടിക്കാട്ടി 2022ൽ പഞ്ചായത്ത് അംഗം വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം.