തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉയർത്താൻ തീരുമാനിച്ച് പ്രതിപക്ഷം. എക്‌സാലോജിക്കനെതിരായ എസ് എഫ് ഐ ഒ അന്വേഷണം അടിയന്തര പ്രമേയമായി നിയമസഭയിൽ ഇന്ന് അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മാത്യു കുഴൽനാടൻ ആയിരിക്കും അടിയന്തര പ്രമേയം അവതരിപ്പിക്കുക. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരായ പ്രമേയം ഇന്ന് നിയമസഭയിൽ ധനമന്ത്രി അവതരിപ്പിക്കും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ടും ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും.
അതേസമയം മാസപ്പടി വിവാദത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ആവശ്യപ്പെട്ട് ഷോൺ ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആരോപണം ഉയർന്ന സാഹചര്യത്തിൽ സീരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷന് ഉത്തരവിട്ടതായി കേന്ദ്രം ഇന്ന് കോടതിയെ അറിയിക്കും. കമ്പനികാര്യമന്ത്രാലയം വിഷയം അന്വേഷിക്കുന്നുണ്ടെങ്കിലും എസ് എഫ് ഐ ഒ അന്വേഷണത്തിന് നിയമപ്രശ്നങ്ങളില്ലെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിനെതിരെയും സിഎംആര്‍എല്ലിനുമെതിരെയുമാണ് അന്വേഷണം.#exalogic