മലപ്പുറം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെതിരെ ഉയര്‍ന്ന നിയമന കോഴ വിവാദത്തില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ബാസിത് കസ്റ്റഡിയില്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് മഞ്ചേരിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ബാസിതിനെ കസ്റ്റഡിയിൽ എടുത്തത്. നിയമന കോഴ വിവാദത്തില്‍ ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊഴി.
ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിലായിരുന്നു ബാസിത്. തട്ടിപ്പിന്റെ സൂത്രധാരന്‍ ബാസിത് ആണെന്ന് പോലീസ് പറഞ്ഞു.
അതേസമയം, കേസിലെ പരാതിക്കാരനായ ഹരിദാസന് ബാസിതിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഒരു ലക്ഷം രൂപ ബാസിത് തട്ടിയെടുത്തെന്നും ഹരിദാസന് മൊഴി നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ പി എ പണം വാങ്ങിയെന്ന് പറയിപ്പിച്ചത് ബാസിതാണെന്നുമായിരുന്നു ഹരിദാസന്റെ മൊഴി. ഹരിദാസനെ ചോദ്യം ചെയ്ത് വിട്ടയച്ചു. നാളെ ഹരിദാസന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും.
മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകളുടെ ഡോക്ടര്‍ നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം..