തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഐ.ടി കമ്പനികളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 150 കോടിരൂപ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവുമായി പി.വി. അൻവർ എം.എൽ.എ. കണ്ടെയ്നർ ലോറികളിൽ 50 കോടി രൂപ വീതം മൂന്നു ഘട്ടങ്ങളിലായാണ് തൃശൂർ ചാവക്കാടിന് അടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചതെന്നും അവിടെനിന്ന് രണ്ട് ആംബുലൻസുകളിലായി വി.ഡി. സതീശന്റെ സുഹൃത്തുകളുടെ കൈയിലെത്തിയെന്നും കർണാടകയിൽ ഈ പണം നിക്ഷേപിച്ചെന്നും അൻവർ നിയമസഭയിൽ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകൾ പരിശോധിക്കണമെന്നും മാസത്തിൽ മൂന്ന് തവണയെങ്കിലും അദ്ദേഹം ബംഗളൂരുവിൽ പോയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.
പദ്ധതി നടപ്പായിരുന്നെങ്കിൽ കേരളം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമായിരുന്നു. കേരളത്തില്‍ അടിസ്ഥാന സൗകര്യം വർധിച്ചാൽ കർണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഐ.ടി മേഖലയിലെ അടിസ്ഥാന സൗകര്യം പാഴാകും. വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് അവർ മനസ്സിലാക്കിയതോടെ കോൺഗ്രസിനെ കൂടെനിർത്തി സിൽവർലൈൻ പദ്ധതിയെ എതിർത്തു. പദ്ധതി മുടക്കാനുള്ള ദൗത്യം വി.ഡി. സതീശനെ ഏൽപ്പിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് കിട്ടിയ ഓഫർ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നെന്നും അൻവർ കൂട്ടിച്ചേർത്തു.