തിരുവനന്തപുരം : റബ്ബര്‍ വില സ്ഥിരത ഫണ്ട് 300 രൂപയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തിലാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് റബ്ബര്‍ വില സ്തിരത ഫണ്ടുണ്ടാക്കിയത്. 60 മുതല്‍ 80 രൂപ വില വരെയുണ്ടായിരുന്ന കാലത്താണ് 150 രൂപ റബ്ബര്‍ സ്ഥിരത ഫണ്ടായി നിശ്ചയിച്ചത്. നിലവില്‍ 165-170 രൂപയാണ് റബ്ബറിന്റെ വില. ഇപ്പോഴും റബ്ബര്‍ സ്ഥിരത ഫണ്ടായി നല്‍കുന്നത് 170 രൂപ തന്നെയാണ്. ഇതോടെ റബര്‍ സ്ഥിരത ഫണ്ടിന് പ്രസക്തി ഇല്ലാതായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ റബ്ബറിന് വില കൂടിയെങ്കിലും ഉല്‍പ്ദന ചെലവ് വര്‍ധിച്ചു.
ഈ സാഹചര്യത്തില്‍ റബര്‍ സ്ഥിരത ഫണ്ട് 300 രൂപയാക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത് നല്‍കിയില്ലെങ്കില്‍ എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 250 രൂപ നല്കിയാലും മതി. അതെങ്കിലും നല്‍കാനുള്ള നടപടി സ്വീകരിക്കണം. കൃഷിക്ക് വേണ്ടി വരുന്ന ചെലവും കര്‍ഷകരും കുടുംബാംഗങ്ങള്‍ ചെയ്യുന്ന ജോലിക്കുള്ള കൂലിക്കൊപ്പം 15 ശതമാനം കൂടി ചേര്‍ത്തു വേണം എം.എസ്.പി നിശ്ചയിക്കേണ്ടതെന്നാണ് എം.എസ് സ്വാമിനാഥന് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ഇതനുസരിച്ചാണ് 300 രൂപ നല്‍കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.
റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. 170 രൂപ പോലും നല്കാന് സര്‍ക്കാരിന് സാധിക്കുന്നില്ല. 500 കോടി നീക്കി വച്ചപ്പോഴാണ് 20 കോടി നല്‍കിയത്. റബ്ബര്‍ കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ ഒന്നാം പ്രതി കേന്ദ്ര സര്‍ക്കാര്‍ ആണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ കര്‍ഷരെ സഹായിക്കാനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നില്ല. റബ്ബര്‍ കര്‍ഷകരെ താങ്ങി നിര്‍ത്താനുള്ള ഒരു നടപടിയും ഈ സര്‍ക്കാരിന് ഇല്ല.
കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. റബ്ബര്‍ വില സ്ഥിരത ഫണ്ട് 300 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി മുതല്‍ കോട്ടയം വരെ നടത്തിയ മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തമുണ്ടായി. ദയനീയമായ സ്ഥിതിയിലാണ് റബ്ബര്‍ കര്‍ഷകര്‍. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഏറ്റവും വലിയ പിന്തുണ നല്കിയിരുന്നതും റബര്‍ കര്‍ഷകരായിരുന്നു.
ഇന്ത്യയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക റബ്ബറിന്റെ 90 ശതമാനവും കേരളത്തില്‍ നിന്നായിരുന്നു. കേരളത്തിലെ റബ്ബര്‍ കൃഷിക്ക് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്കിയിരുന്നതും റബ്ബര്‍ ബോര്‍ഡാണ്. എന്നാല്‍ ഇന്ന് റബ്ബര്‍ കൃഷിക്ക് നല്‍കിയിരുന്ന പിന്തുണയില്‍ നിന്നും റബ്ബര്‍ ബോര്‍ഡ് പൂര്‍ണമായും പിന്മാറി. റബ്ബര്‍ ഇന്‍സെന്റീവ് സ്കീം ഉള്‍പ്പെടെ 25 പദ്ധതികളാണ് റബ്ബര്‍ ബോര്‍ഡ് നിര്‍ത്തലാക്കിയതെന്നും വി.ഡി സതീശൻ പറഞ്ഞു.