തിരുവനന്തപുരം: നവ കേരള സദസിനെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ് ആറുദിവസത്തേക്ക് കൂടി നീട്ടുമെന്ന് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. ഡിസംബർ 2 മുതൽ 22 വരെ നിശ്ചയിച്ചിരുന്ന പരിപാടി 31 വരെയാണ് നീട്ടുന്നത്. ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 24, 25, 26 തീയതികളിൽ ഒഴിവ് നൽകും.
മുഖ്യമന്ത്രിമാരുടെയും ജില്ലകളിൽ നിന്നുള്ള മന്ത്രിമാരുടെയും മണ്ഡലങ്ങളിലാവും ആദ്യം സദസ് തുടങ്ങുക. വിചാരണ സദസിന്റെ ഉദ്ഘാടനം ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവഹിക്കും.
ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേമത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും തൃത്താലയിൽ രമേശ് ചെന്നിത്തലയും ഏറ്റുമാനൂരിൽ പി.ജെ. ജോസഫും, കാസർകോട്ട് ഇ.ടി. മുഹമ്മദ് ബഷീറും സമ്മേളനം ഉദ്ഘാടനം ചെയ്യും. ചേർത്തലയിൽ എം.എം. ഹസ്സനും, ആറന്മുളയിൽ ഷിബു ബേബി ജോണും, കൽപറ്റയിൽ എം.കെ. മുനീറും, കളമശേരിയിൽ കെ. മുരളീധരനും, ഇരിഞ്ഞാലക്കുടയിൽ സി.പി. ജോണും, ഇടുക്കിയിൽ അനൂപ് ജേക്കബും, കൊട്ടാരക്കരയിൽ ജി. ദേവരാജനുമാണ് ഉദ്ഘാടകർ. 126 നിയോജകമണ്ഡലങ്ങളിൽ ഡിസംബർ 31നകം വിചാരണസദസുകൾ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 3 മുതൽ 6 വരെയാണ് പരിപാടി.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയാൽ യു.ഡി.എഫ് കേസ് കൊടുക്കുമെന്നും ഹസൻ പറഞ്ഞു.