തിരുവനന്തപുരം: പുതുവത്സര ദിനത്തിലുണ്ടായ അപകടങ്ങളിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. തലസ്ഥാനത്തും കോഴിക്കോടുമാണ് അപകടങ്ങളുണ്ടായത്. തിരുവനന്തപുരം തിരുവല്ലത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാച്ചല്ലൂർ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെ തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു.
കോഴിക്കോട് വെളളയിൽ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി സ്കൂട്ടറിൽ ട്രെയിൻ തട്ടി മരിച്ചു. ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദിൽ ഫർഹാൻ (16) എറണാകുളം ലോകമാന്യക് തിലക് തുരന്ത് എക്‌സ്പ്രസിടിച്ചാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ വെള്ളയിൽ റെയിൽവേസ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയുള്ള ട്രാക്കിലാണ് അപകടം നടന്നത്.
കൂട്ടുകാർക്കൊപ്പം കോഴിക്കോട് ബീച്ചിൽ പുതുവത്സരം ആഘോഷിക്കാനായി പോയതായിരുന്നു ആദിൽ. രണ്ട് സ്കൂട്ടറുകളിലായി നാലുപേരായിട്ടായിരുന്നു തിരികെ മടങ്ങിയത്. മെയിൻ റോഡുകളിൽ ബ്ലോക്ക് ആയതിനാൽ ഇടവഴിയിലൂടെ പോകവേയാണ് അപകടമുണ്ടായത്. മറ്റുളളവർക്ക് പരിക്കുകളില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
മലപ്പുറം വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യാത്രക്കാരന് പരിക്കേറ്റു. പാളത്തിനരികിലൂടെ നടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്.കാളികാവ് സ്വദേശി മാത്യുവിനാണ് പരിക്ക് പറ്റിയത്.കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടുകൂടിയായിരുന്നു സംഭവം.മറ്റുളള യാത്രക്കാരും ആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ അടുത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാത്യുവിന്റെ കൈകാലുകൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.#accident
Read more- വി.എം സുധീരനും കെ. സുധാകരനും തമ്മിലുള്ള വാക്‌പോര് രൂക്ഷം