ശബരിമല: ശബരിമലയിൽ ദർശനം നടത്താനെത്തിയ ട്രാൻസ്ജൻഡർക്ക് സ്ത്രീ ലക്ഷണം ഉണ്ടെന്ന് പറഞ്ഞ് മടക്കി അയച്ചു. പരിശോധന നടത്തിയ ശേഷം സന്നിധാനം പൊലീസാണ് ട്രാൻസ്ജൻഡറിനെ ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയച്ചത്. ചെന്നൈയിൽ നിന്നും ദർശനത്തിനെത്തിയ സതീഷ് കുമാറിനെയാണ് (25) പൊലീസ് തടഞ്ഞ് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചത്. ഇന്ന് വൈകിട്ട് ആറിന് സന്നിധാനം നടപന്തലിൽ വച്ചാണ് ഇവരെ പൊലീസ് കണ്ടെത്തിയത്.
അതേസമയം, ശബരിമലയിൽ ജാഗ്രത കടുപ്പിക്കണമെന്നും അടിയന്തര ഒഴിപ്പിക്കലിനായി ഹെലിപ്പാഡ് നിർമ്മിക്കണമെന്നും സർക്കാരിന് പൊലീസിന്റെ ശുപാർശ. അടുത്തിടെയുണ്ടായ അക്രമങ്ങളുടെയും തീവ്രവാദ ഭീഷണിയുടെയും പശ്ചാത്തലത്തിൽ നടത്തിയ സുരക്ഷാവിലയിരുത്തലിനെത്തുടർന്നാണിത്.
തീവ്രവാദ ഭീഷണി, അടിയന്തര സാഹചര്യം എന്നിവ മുന്നിൽ കണ്ട് മാതൃകാ പ്രവർത്തന ചട്ടമുണ്ടാക്കണം. തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീർത്ഥാടകരെന്ന പേരിൽ ശബരിമലയിൽ കടന്നു കയറാനിടയുണ്ട്. ഇരുമുടിക്കെട്ട് പരിശോധിക്കേണ്ടിവന്നാൽ വിശ്വാസികളെ വേദനിപ്പിക്കാതെയും ആചാരങ്ങൾ ലംഘിക്കാതെയും നോക്കണം. ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പല തീവ്രാദ ഗ്രൂപ്പുകൾക്കും റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്. വഴിപാട് വസ്തുക്കളുടെ കൂട്ടത്തിൽ ഇത്തരം സാധനങ്ങൾ കടത്താനിടയുള്ളതിലും ജാഗ്രത വേണം.
മറ്റ് ശുപാർശകൾ:- സന്നിധാനത്തെ ഹോട്ടലുകളിൽ 30മുതൽ 130വരെ എൽ.പി.ജി സിലിണ്ടറുകൾ സൂക്ഷിക്കുന്നു. ഇത് നിയന്ത്രിച്ച് എൽ.പി.ജി വിതരണം ദേവസ്വം ബോർഡ് ഏറ്റെടുക്കണം. സിലിണ്ടറുകൾക്കായി കേന്ദ്രീകൃത സൂക്ഷിപ്പ് കേന്ദ്രം വേണം. മകരജ്യോതി, മണ്ഡലപൂജ അവസരങ്ങളിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തണം. സന്നിധാനത്തുനിന്ന് വൻതോതിൽ ആളുകളെ ഒഴിപ്പിക്കാൻ ബദൽ മാർഗം കണ്ടെത്തണം. പമ്പയിൽനിന്ന് സാധനങ്ങൾ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് റോപ്പ് വേ സംവിധാനം വേണം. തിരക്കു നിയന്ത്രിക്കാൻ സന്നിധാനത്ത് കൂടുതൽ തുറന്ന സ്ഥലം ഉണ്ടാകണം.