ഇൻഡോർ: കാമുകിയുടെ കഴുത്തിൽ കുടുംബകോടതിയിൽ വച്ച് താലി ചാർത്തി ട്രാൻസ്‌ജെൻഡർ മാൻ. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ അസ്തിവ സോണിയാണ് കാമുകിയായ ആസ്തയെ വിവാഹം കഴിച്ചത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങളും കോടതിയിൽ ഉണ്ടായിരുന്നു. അൽക്ക സോണി എന്നായിരുന്നു അസ്തിവയുടെ മുൻപത്തെ പേര്. പെൺകുട്ടിയായി ജനിച്ച അസ്തിവ അധികം വൈകാതെ തന്നെ തന്റെ സ്വത്വം മനസിലാക്കുകയായിരുന്നു. തുടർന്ന് പുരുഷനായി ജീവിക്കണമെന്ന് അസ്തിവ തീരുമാനമെടുത്തു. കുടുംബത്തിന്റെ പൂർണ പിന്തുണ അസ്തിവയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെ 47-ാം ജൻമദിനത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായി പുരുഷനായി മാറുകയായിരുന്നു.
പരസ്പരം മനസിലാക്കിയതിന് ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനമെടുത്തതെന്ന് ആസ്ത മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്റെ സഹോദരിയുടെ സുഹൃത്താണ് ആസ്തിവ. സഹോദരിക്കൊപ്പം ആസ്തിവയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു.അങ്ങനെയാണ് പ്രണയത്തിലായതെന്ന് ആസ്ത പറഞ്ഞു.ഇത് മാസങ്ങൾക്ക് മുൻപ് നന്നായി ചിന്തിച്ച് എടുത്ത തീരുമാനമാണെന്ന് ഇരുവരും വ്യക്തമാക്കി.വീട്ടുകാരുടെ സമ്മതപ്രകാരമാണ് വിവാഹത്തിന് ഒരുങ്ങിയതെന്ന് അസ്തിവ കൂട്ടിച്ചേർത്തു.
ഭിന്നലിംഗകാരായ ട്രാൻസ്‌ജെൻഡർമാർക്ക് നിലവിലുളള നിയമപ്രകാരം വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന സുപ്രീംകോടതിയുടെ ഒക്ടോബറിലെ വിധിയനുസരിച്ചാണ് ഇവർ വിവാഹിതരായത്.ദമ്പതികൾ ഇൻഡോർ ഡെപ്യൂട്ടി കളക്ടർ റോഷൻ റായിക്ക് വിവാഹത്തിനുളള അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ദമ്പതികൾക്ക് കുടുംബകോടതിയിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതിന്റെ സന്തോഷത്തിലാണ് ഇരുവരും കോടതിയിൽ വച്ച് തന്നെ വിവാഹിതരായത്. ഡിസംബർ 11ന് ആചാരപ്രകാരമുളള വിവാഹത്തിന്റെ സന്തോഷത്തിലാണ് ഇവർ.