വെള്ളറട: പട്ടികജാതി യുവാവിന് സംഘം ചേർന്ന് ആക്രമിച്ചു… വീടിന് പുറത്തിറങ്ങാൻ പാടില്ലെന്ന് ഭീഷണിപ്പെടുത്തി. വെള്ളറട കോവിലൂര്‍ അടകലം കിഴക്കിന്‍കര വീട്ടില്‍ ശശിധരന്റെ മകന് രതീഷ് കുമാറിനാണ് ക്രൂരമായ മര്‍ദനമേറ്റത്. ഡിസംബര്‍ ഒന്നിന് ജോലിസ്ഥലത്തേക്ക് പോകവെ, കോവിലൂര്‍ മുത്തുക്കുഴിയില്‍ വെച്ചാണ് മുത്തുക്കുഴി കിഴക്കുംകര വീട്ടില്‍ രഞ്ജിത്തും സംഘത്തിലുണ്ടായിരുന്ന പത്തോളം പേരും ചേര്‍ന്ന് മര്‍ദിച്ചതായി വെള്ളറട പൊലീസില്‍ പരാതി നല്‍കിയത്.
രണ്ടാഴ്ച മുമ്പ് രതീഷിന്റെ ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നില്‍ പ്രതി വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കൈയാങ്കളി നടന്നിരുന്നു. അന്നും സംഘം ചേര്‍ന്ന് പ്രതികള്‍ ആക്രമിച്ചതായി രതീഷ് പറയുന്നു. എന്നാല്‍, സംഭവത്തില്‍ രതീഷിനെതിരെ എതിർഭാഗം വെള്ളറട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
മാസങ്ങള്‍ക്കുമുമ്പ് രതീഷിന്റെ അമ്മ ശാന്ത പ്രതികളിലൊരാളുടെ പേരില്‍ വെള്ളറട പൊലീസില്‍ നല്കിയ പരാതിയുടെ പേരിലാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഡിസംബര്‍ ഒന്നിന് നടന്ന മര്‍ദനത്തെ തുടര്‍ന്ന് രതീഷ് പാറശ്ശാല സര്‍ക്കാർ ആശുപത്രിയില്‍ ചികിത്സ തേടി. നിലവില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും രതീഷ് കുമാര്‍ പറയുന്നു.