കൊടുങ്ങല്ലൂർ: ഒന്നാം തീയതിയും മദ്യം ലഭിക്കാത്ത മറ്റ് ദിവസങ്ങളിലും രഹസ്യമായി അമിത വിലയ്ക്ക് അനധികൃത മദ്യ വില്പന നടത്തുന്നയാളെ എക്സൈസ് സംഘം പിടികൂടി. മതിലകം മതിൽമൂല കൈപ്പോത്ത് വീട്ടിൽ പുഷ്പാകരനെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്. വിൽപനക്ക് വെച്ചിരുന്ന 111 കുപ്പി മദ്യവും പിടിച്ചെടുത്തു.
അമിതമായി മദ്യം വാങ്ങിക്കൂട്ടി പല തവണ എക്സൈസിന്റെ പിടിയിലായ ഇയാൾ മറ്റ് ആളുകൾക്ക് പണം നൽകിയാണ് മദ്യം വാങ്ങിപ്പിച്ച് സ്റ്റോക്ക് ചെയ്തിരുന്നത്. മതിലകം മേഖലയിൽ അനധികൃത മദ്യവില്പന നടത്തുന്ന മറ്റ് ആളുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർമാരായ പി.ആർ.സുനിൽകുമാർ, പി.കെ.സുനിൽ, പി.കെ.സജികുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.രാജേഷ്, ഒ.ബി.ശോബിത്ത്, എ.എസ്.റിഹാസ്, വനിതാ സിവിൽ എക്സൈസ് കെ.എം.തസ്നിം, ഇ.ജി.സുമി, എക്സൈസ് ഡ്രൈവർ കെ.വിത്സൻ എന്നിവരും ഉണ്ടായിരുന്നു