തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും എന്ന് അഭ്യൂഹം. ചന്ദ്രയാനും ആദിത്യയും വിജയിപ്പിച്ച താര പരിവേഷം, വ്യക്തിപ്രഭാവം എന്നിവയുള്ള സോമനാഥ് മണ്ഡലത്തിൽ ശശി തരൂരിന് പറ്റിയ എതിരാളിയാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാന അതിഥികളിലൊരാളായി സോമനാഥുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടങ്ങുന്ന ഉന്നതതല സമിതിയാണ് സോമനാഥിന്റെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തത്. സോമനാഥിനും എതിർപ്പില്ലെന്നാണ് അറിയുന്നത്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ കേന്ദ്രമന്ത്രിമാരായ എസ്.ജയശങ്കറിനെയും നിർമ്മല സീതാരാമനെയും പരിഗണിക്കുന്നതിനിടയിലാണ് സോമനാഥിന്റെ പേരുയർന്നത്.