കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആര്‍ക്കെങ്കിലും കേറി കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സുന്നി യുവജന സംഘം മീലാദ് കാംപയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ പ്രവര്‍ത്തനം ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. അതനുസരിച്ചാണ് അതിന്റെ പ്രവര്‍ത്തനം. ഇതില്‍ ആരൊക്കെ വേണം വേണ്ട എന്നൊക്കെ തീരുമാനിക്കാന്‍ ആരെയും ഗേറ്റ്കീപ്പര്‍മാരായി നിയോഗിച്ചിട്ടില്ല. ഓരോരുത്തരും അവരവരെ ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചാല്‍ മതി. സമസ്തക്ക് ധാരാളം പോഷക സംഘടനകള്‍ ഉണ്ട്. അവ സമസ്തയെ ശക്തിപ്പെടുത്താനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും നിയന്ത്രണങ്ങള്‍ ഈ സംഘടനകള്‍ക്ക് മേല്‍ ഉണ്ടാകും. എസ്.വൈ.എസ് വെറും സമസ്തയുടെ ഊന്ന് വടി മാത്രമല്ലെന്നും ഇങ്ങോട്ട് ആരെങ്കിലും അടിച്ചാല്‍ തിരിച്ചടിക്കാനുള്ള വടി കൂടിയാണെന്നും തങ്ങള്‍ പറഞ്ഞു.കടന്നല്‍കൂടിനെ തുറന്ന് വിട്ട് എല്ലാവരേയും അക്രമിച്ച് അവസാനം അവസാനം തീ കൊടുത്തത് കൊണ്ട് കാര്യമില്ല. എല്ലാവര്‍ക്കും പറയാനുള്ള അനാവശ്യങ്ങളൊക്കെ സമസ്തയെ കുറിച്ച് പറഞ്ഞതിന് ശേഷം ഇനി പറയേണ്ട എന്ന് പറയുന്നതിന്റെ പ്രസക്തി എന്താണെന്നും തങ്ങള്‍ ഉന്നയിച്ചു. വിമര്‍ശിക്കേണ്ടവര്‍ക്ക് വിമര്‍ശിക്കാമെന്നും അതിന് മറുപടി പറയുമ്പോള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചിട്ട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. ഈ കൂട്ടായ്മ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുണ്ടെങ്കില്‍ അതിനനുസരിച്ച് ശ്രമിക്കണം. ഇത് പോലെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ഉന്നയിക്കുന്ന ഉത്തരവാദപ്പെട്ടവര്‍ക്ക് കടിഞ്ഞാണിടേണ്ടഉത്തരവാദപ്പെട്ടവര്‍ അതിന് തയാറാകണം. അല്ലെങ്കില്‍ എവിടെയാണ് കൊണ്ടാക്കേണ്ടത് എങ്കില്‍ അത് ചെയ്യണമെന്നും തങ്ങള്‍ പറഞ്ഞു.