ഡൽഹി: തൃപ്പൂണിത്തുറ നിയമസഭാമണ്ഡലത്തിൽ നിന്നുളള സ്ഥാനാർത്ഥി കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്തുകൊണ്ടുളള കേസിൽ വിചാരണ തുടരാൻ അനുമതി നൽകി സുപ്രീംകോടതി. മുൻ എംഎൽഎ എം സ്വരാജ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി ശരിവച്ചത്.
ഹൈക്കോടതി ഉത്തരവിനെതിരെ ബാബു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തിരഞ്ഞെടുപ്പിൽ ബാബു വോട്ട് നേടിയത് മതചിഹ്നം ഉപയോഗിച്ചാണെന്ന കേസാണ് ഫയൽ ചെയ്തിരിക്കുന്നത്.
സുപ്രീംകോടതി വിചാരണയ്ക്കുള്ള സ്റ്റേ നീക്കിയതയോടെ കേസിൽ ഹൈക്കോടതി നടപടികൾ ഉടൻ പുനരാംഭിക്കും. ഈ മാസം 19ന് കേസ് ഹൈക്കോടതി പരിഗണിക്കും. കേസിൽ സ്വരാജിന്റെ സാക്ഷികളുടെ വാദം പൂർത്തിയായിട്ടുണ്ട്. ബാബുവിന് വേണ്ടി അഭിഭാഷകൻ റോമി ചാക്കോയാണ് ഹൈക്കോടതിയിൽ ഹാജരായത്. സ്വരാജിനുവേണ്ടി അഭിഭാഷകരായ പിവി ദിനേശ്, പിഎസ് സുധീർ എന്നിവരാണ് ഹാജരായത്.