കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അക്കാദമി അപമാനിച്ചു: ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിക്കെതിരെ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. സർക്കാരിന് വേണ്ടി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് തന്നെ അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം.

കെ സച്ചിദാനന്ദനും അക്കാദമി സെക്രട്ടറി അബൂബക്കറുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. എഴുതിയ ഗാനം മാറ്റിയെഴുതാൻ ഇരുവരും ആവശ്യപ്പെട്ടു. പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന്‌ ഇപ്പോഴും അറിയില്ല. എന്നാൽ, പിന്നീട് കണ്ടത് കവികളിൽ നിന്ന് കേരള ഗാനം ക്ഷണിച്ചുള്ള പരസ്യമാണ്. മൂവായിരത്തിലധികം പാട്ടുകളെഴുതിയ തനിക്ക് ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നു. ഇക്കാര്യത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളസാഹിത്യ അക്കാദമി നൽകിയ പ്രതിഫലത്തുകയെ വിമർശിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കുറിപ്പ് പ്രചരിച്ചതിനു പിന്നാലെയാണ് ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തൽ

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരളസാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കു മുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നു. കേരള ഗവൺമെന്റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്നു അക്കാദമി സെക്രട്ടറിയായ ശ്രീ.അബൂബക്കർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാൻ ആ ക്ഷണം നിരസിച്ചു. കേരളസാഹിത്യ അക്കാദമി ഇന്നേവരെ എന്റെ ഒരു പുസ്തകത്തിനും അവാർഡ് നൽകിയിട്ടില്ല. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരമോ ഫെലോഷിപ്പോ നൽകിയിട്ടില്ല. ഞാൻ പിന്തുണ ആവശ്യപ്പെട്ട് ആരുടേയും പിന്നാലെ നടന്നിട്ടുമില്ല.

അതുകൊണ്ടു തന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല. അതുകൊണ്ടാണ്ഈ പാട്ടെഴുത്തിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചത്.. ( എന്തിന് ? ഇപ്പോൾ നടന്ന പുസ്തകോത്സവത്തിനു പോലും എന്നെ ക്ഷണിച്ചിട്ടില്ല )

ശ്രീ.അബൂബക്കറും ശ്രീ..സച്ചിദാനന്ദനും വീണ്ടും നിർബന്ധിച്ചപ്പോൾ സാമാന്യമര്യാദയുടെ പേരിൽ ഞാൻ സമ്മതിച്ചു. അബൂബേക്കർ എന്നോട് ചോദിച്ചു.–“താങ്കളല്ലാതെ മറ്റാര് ? ” എന്ന് .

“ചെറിയ ക്ലാസിലെ കുട്ടിക്കു പോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട്” എന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് രചനാശൈലി ഞാൻ ലളിതമാക്കി. ഒരാഴ്ചക്കുള്ളിൽ ഞാൻ പാട്ട് എഴുതി അയച്ചു. “എനിക്ക് തൃപ്തിയായില്ല” എന്ന് അബൂബേക്കറിൽ നിന്ന് മെസ്സേജ് വന്നു. ഞാൻ “എങ്കിൽ എന്നെ ഒഴിവാക്കണം ” എന്ന് പറഞ്ഞു. വീണ്ടും സച്ചിദാനന്ദൻ എനിക്ക് മെസ്സേജ് അയച്ചു. “താങ്കൾക്ക് എഴുതാൻ കഴിയും “എന്നു പറഞ്ഞു . ആദ്യ വരികൾ (പല്ലവി ) മാത്രം മാറ്റിയാൽ മതി. പാട്ടിന്റെ രണ്ടാം ഭാഗം മനോഹരമാണ് ” എന്ന് അബൂബേക്കർ പറഞ്ഞു. ഞാൻ പല്ലവി മാറ്റിയെഴുതിക്കൊടുത്തു. അതിനു ശേഷം സച്ചിദാനന്ദനിൽ നിന്ന് “നന്ദി ” എന്ന ഒറ്റവാക്ക് മെസ്സേജ് ആയി വന്നു. എന്റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന്‌ ഇപ്പോഴും അറിയില്ല. അക്കാദമിയിൽ നിന്ന് അനുകൂലമായോ പ്രതികൂലമായോ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല.

ഒരാഴ്ച കഴിഞ്ഞപ്പോൾ ” സാഹിത്യ അക്കാദമി കവികളിൽ നിന്നും കേരളഗാനം ക്ഷണിക്കുന്നു ” എന്നു കാണിക്കുന്ന ഒരു പരസ്യം സ്വകാര്യചാനലുകളിൽ വന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. എന്റെ പാട്ട് അവർ നിരാകരിച്ചു എന്നാണല്ലോ ഇതിനർത്ഥം. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ.സി.അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നു. ഇതിന് ഉത്തരം പറയേണ്ടത് നമ്മുടെ സാംസ്കാരിക മന്ത്രി സഖാവ് സജി ചെറിയാനും എന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ആസ്വാദകരുമാണ് .

ഞാനെഴുതിയ ഈ പുതിയ കേരളഗാനം എന്റെ ചിലവിൽ റിക്കോർഡ് ചെയ്ത് ഞാൻ ലോകത്തുള്ള എല്ലാ മലയാളികൾക്കും വേണ്ടി യൂട്യൂബിൽ അധികം വൈകാതെ അപ്‌ലോഡ് ചെയ്യും. എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. എനിക്ക് പകർപ്പവകാശം വേണ്ട. വിദ്യാലയങ്ങൾക്കും സാംസ്കാരിക സംഘടനകൾക്കും കുട്ടികൾക്കും ആ പാട്ട് ഇഷ്ടം പോലെ ഉപയോഗിക്കാം. കേരളത്തെക്കുറിച്ചും മലയാളഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴിയുന്നത് ഇത് മാത്രമാണ്.#sreekumaran-thampi

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...