മുംബൈ: ഗോവയിൽ മന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി നിയമസഭ സ്പീക്കർ. കല, സാംസ്കാരിക മന്ത്രി ഗോവിന്ദ് ഗൗഡെക്കെതിരെ 26 ലക്ഷം രൂപയുടെ ക്രമക്കേടാണ് സ്പീക്കർ രമേശ് തവാഡ്കർ ഉന്നയിച്ചത്. ബജറ്റ് സമ്മേളനത്തിനിടെയാണ് ആരോപണം. മന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. ദക്ഷിണ ഗോവയിലെ കാനകോണ മണ്ഡലത്തിൽ നടക്കാത്ത കല, സാംസ്കാരിക പരിപാടികളുടെ പേരിൽ പണം വിവിധ സംഘടനകൾക്ക് നൽകിയെന്നാണ് ആരോപണം. മന്ത്രിക്കെതിരെ ഇതേ ആരോപണവുമായി ഗ്രാമവാസികളും രംഗത്തുവന്നിരുന്നു. മന്ത്രിയും സ്പീക്കറും ബി.ജെ.പിക്കാരാണ്. കഴിഞ്ഞ തവണ കോൺഗ്രസിൽ നിന്നും കൂറുമാറിയവരിൽ ഒരാളാണ് മന്ത്രി ഗോവിന്ദ് ഗൗഡെ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി ഗോവിന്ദ് ഗൗഡെ പറഞ്ഞു.