കേരളത്തിലെ റിയാലിറ്റി ഷോകളെ ഹിറ്റാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച പരിപാടിയാണ് ഐഡിയ സ്റ്റാർ സിംഗർ. അതിലൂടെ സിനിമാ മേഖലയ്ക്ക് നിരവധി അതുല്യ ഗായകരയും ലഭിച്ചു. ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. ഇപ്പോഴിതാ ജീവിതത്തിൽ വളരെയധികം സഹായിച്ചിട്ടുള്ള ഒരു വ്യക്തിയെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അമൃത.
ഐഡിയ സ്റ്റാർ സിംഗർ പരിപാടിക്കിടെ നടൻ സുരേഷ് ഗോപി ഏറെ സഹായിച്ചുവെന്നും സ്പോൺസർ ആയെന്നുമാണ് താരം വെളിപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ ഫാൻ മീറ്റിലായിരുന്നു തുറന്നുപറച്ചിൽ. ‘മൗനമേ’ എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു അമൃത ഫാൻ മീറ്റിലെത്തിയത്.
അമൃതയുടെ വാക്കുകളിലേയ്ക്ക്…
ഈ പാട്ടിന് അന്ന് എനിക്ക് നല്ല മാർക്ക് കിട്ടിയിരുന്നു. പക്ഷേ കോസ്റ്റ്യൂമിന് ഭയങ്കര മാർക്ക് കുറവായിരുന്നു. അത്രയും ഇംപോർട്ടന്റാണ് ഔട്ട് ഫിറ്റൊക്ക. അന്ന് അങ്കിൾ എന്നെയും അച്ഛനെയും അമ്മയെയും വീട്ടിലേയ്ക്ക് വിളിപ്പിച്ചു. ഔട്ട് ഫിറ്റിന്റെ കാര്യത്തിൽ നിനക്കിനി മാർക്ക് കുറയാൻ പാടില്ലെന്ന് അന്ന് അങ്കിൾ പറഞ്ഞു. അത് മൊത്തം നോക്കിക്കോളാമെന്ന് പറഞ്ഞു. അവിടെന്ന് ഷോയുടെ അവസാനംവരെ അങ്കിൾ ആയിരുന്നു എന്റെ സ്പോൺസർ.
എനിക്ക് അങ്കിളെന്ന് പറയുമ്പോൾ അച്ഛന്റെ സ്ഥാനമാണ്. ഒരിക്കലും സ്വന്തം അല്ല എന്ന രീതിയിൽ അങ്കിൾ പെരുമാറിയിട്ടില്ല. എന്റെ എന്നുപറഞ്ഞ് ചേർത്തുനിർത്തിയിട്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. എല്ലാവരോടും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ആളാണ് ഞാൻ. അങ്കിൾ എനിക്ക് ജീവനാണ്.