ഉത്തരകാശി: സിൽക്യാരയിൽ 41 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇന്ന് 16 ദിവസങ്ങളാകുന്നു. മലയിൽ കരസേനയുടെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് രക്ഷാപ്രവർത്തനത്തിന് എത്തിയത് കൂടാതെ മല കുത്തനെ തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചു. ഏകദേശം 22 മീറ്റർ മലമുകളിൽ നിന്ന് താഴേക്ക് കുഴിക്കാൻ ഇന്നലെ സാധിച്ചു. 86 മീറ്ററോളം താഴെയാണ് ടണൽ. ഇവിടേക്കെത്താൻ 100 മണിക്കൂർ വേണമെന്നാണ് രക്ഷാസംഘത്തിന്റെ കണക്കുകൂട്ടൽ. താഴെ തുരങ്കത്തിലെ കുഴലിനുള്ളിൽ കുടുങ്ങിയ അമേരിക്കൻ ഡ്രില്ലിംഗ് മെഷീൻ നന്നാക്കാനാകാത്ത വിധം തകർന്നിട്ടുണ്ട്. ഈ തകർന്ന ഭാഗം നീക്കി മാനുഷികമായി തന്നെ തുരങ്കത്തിൽ കുഴിക്കാനാണ് ശ്രമം. ഇതിനായാണ് സൈന്യത്തിന്റെ സഹായം തേടിയത്. ഡ്രില്ലിംഗ് മെഷീൻ മുറിച്ചുമാറ്റി പുറമേനിന്ന് യന്ത്രസഹായത്താൽ കുഴൽ അകത്ത് കടത്താനും ശ്രമിക്കുന്നുണ്ട്. ഇത് നടന്നാൽ ഇന്നുതന്നെ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിക്കാൻ സാധിക്കും. നവംബർ 12നാണ് തൊഴിലാളികൾ ഉള്ളിൽ കുടുങ്ങിപ്പോയത്. ജാർഖണ്ഡ് സ്വദേശികളായ 15 പേർ, യുപിയിൽ നിന്നും എട്ട്, ബിഹാർ,ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചുപേർ, ബംഗാൾ സ്വദേശികളായ മൂന്നുപേർ, ഉത്തരാഖണ്ഡ്, ആസാം എന്നിവിടങ്ങിൽ നിന്ന് രണ്ട് പേർ വീതവും ഒരു ഹിമാചൽ സ്വദേശിയുമാണ് കുടുങ്ങിയിരിക്കുന്നത്.