തിരുവനന്തപുരം: എം പിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ശശി തരൂർ തനിക്കെതിരേ നടത്തിയ അസത്യ പ്രചാരണത്തിനും വ്യാജ പ്രസ്താവനകൾക്കുമെതിരെ കൂടുതൽ നിയമ നടപടികൾക്ക് തുടക്കമിട്ട് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തരൂരിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ വേണ്ടി നടത്തുന്ന പ്രവർത്തിയാണെന്നും തരൂരിന് അയച്ച വക്കീൽ നോട്ടീസിൽ രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നു. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ചു പൊതുസമൂഹത്തോട് ശശി തരൂർ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരായി ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതിനെ തുടർന്ന് എൻ ഡി എയും രാജീവ് ചന്ദ്രശേഖറും ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരുന്നു. ആർക്കും എന്തും പറഞ്ഞു പോകാൻ കഴിയില്ലെന്നും ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ആർജ്ജവം കാണിക്കണമെന്നും നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. പ്രസ്താവനകൾ നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഈ വിഷയത്തിന്മേൽ ഒന്നും പ്രതികരിക്കാൻ ശശി തരൂർ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖർ നിയമ നടപടികൾ കടുപ്പിച്ചത്.
തിരുവനന്തപുരത്തെ വോട്ടറന്മാർക്കിടയിൽ തരൂർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും ഇടവക വൈദികർ ഉൾപ്പെടെയുള്ള മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികൾക്ക് പണം നൽകി വോട്ട് സ്വാധീനിക്കാൻ താൻ ശ്രമിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ശശി തരൂർ പ്രചരിപ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ വക്കീൽ നോട്ടീസിൽ പറയുന്നു.
ഒരു പ്രമുഖ മലയാള വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരം ആരോപണങ്ങൾ ശശി തരൂർ ഉന്നയിച്ചതെന്നും അത് തന്നെ ഞെട്ടിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ നോട്ടീസിൽ പരാമർശിച്ചു.
തങ്ങളുടെ കക്ഷിയായ രാജീവ് ചന്ദ്രശേഖറിനെതിരായ 06.04.2024 ൽ മുൻപറഞ്ഞ വാർത്താ ചാനലിൽ നിങ്ങൾ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വാദങ്ങളും സംബന്ധിച്ച് തിരുത്തുകൾ നൽകണമെന്ന് ഞങ്ങളുടെ കക്ഷിക്കുണ്ടായ അപമാനത്തിന് പ്രിൻ്റ്, ഇലക്‌ട്രോണിക് മാധ്യമങ്ങൾ വഴി പരസ്യമായി ക്ഷമാപണം നടത്തണം. ഞങ്ങളുടെ കക്ഷിയെ അപകീർത്തിപ്പെടുത്തുന്നതിനോ, ഉപദ്രവിക്കുന്നതിനോ, സൽക്കാരിനു കളങ്കം ഉണ്ടാക്കുന്നതോ ആയ ശ്രമങ്ങളിൽ നിന്ന് ഭാവിയിൽ വിട്ടു നിൽക്കണമെന്നും അശ്രദ്ധമായ പ്രസ്താവനകളോ നുണകളോ പ്രചരിപ്പിക്കരുതെന്നും അഡ്വക്കേറ്റ് മുഖേനെ അയച്ച നോട്ടീസിൽ പറയുന്നു.
രാജീവ് ചന്ദ്രശേഖറിനെ ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെയാണ് തരൂർ ഈ പ്രസ്താവനകൾ നടത്തിയിട്ടുള്ളത്. ഇത്തരം അപകീർത്തികരമായ പ്രസ്താവനകൾ എങ്ങനെയാണ് തിരുവനന്തപുരത്തെ മുഴുവൻ ക്രിസ്ത്യൻ സമൂഹത്തെയും അതിൻ്റെ നേതാക്കളെയും ദ്രോഹിക്കുകയും അനാദരിക്കുകയും ചെയ്തതെന്നും നോട്ടീസിൽ പറയുന്നു. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പരസ്യമായ ക്ഷമാപണം നടത്തണമെന്നും നോട്ടീസിൽ പറയുന്നു.
ക്രൈസ്തവർക്ക് പണം നൽകി വോട്ട് നേടാൻ ശ്രമിച്ചു എന്ന വ്യാജ ആരോപണമാണ് ശശി തരൂർ ഉന്നയിച്ചത്.
വക്കീൽ നോട്ടീസിൻ്റെ പകർപ്പ്