ന്യൂഡൽഹി: നടന്മാരായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് നോട്ടീസ് അയച്ചതായി കേന്ദ്രസർക്കാർ കോടതിയിൽ. ഗുഡ്ക കമ്പനികൾക്ക് പരസ്യം നൽകിയതുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്ര സർക്കാർ അലഹബാദ് കോടതിയുടെ ലഖ്നൗ ബെഞ്ചിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
ഇതേവിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ തൽക്ഷണ ഹർജി തള്ളണമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു. സബ്മിഷൻ കേട്ട കോടതി വാദം കേൾക്കുന്നത് 2024 മേയ് ഒൻപതിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ഉന്നത പുരസ്കാരങ്ങൾ ലഭിച്ചിട്ടും ഗുഡ്ക കമ്പനികൾക്ക് പരസ്യം നൽകുന്ന നടന്മാർക്കും പ്രമുഖർക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ തീരുമാനം കൈകൊള്ളാൻ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്റെ ബെഞ്ച് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
ഒക്ടോബർ 22ന് സർക്കാരിന് നിവേദനം നൽകിയെങ്കിലും വിഷയത്തിൽ നടപടിയുണ്ടായില്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് നടന്മാർക്ക് നോട്ടീസ് അയച്ചതായി കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയത്.
അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് ബി പാണ്ഡെ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ നടൻ അമിതാഭ് ബച്ചൻ ഗുഡ്ക കമ്പനിയുമായുള്ള കരാർ റദ്ദാക്കിയിട്ടും പരസ്യം പ്രദർശിപ്പിച്ച കമ്പനിയ്ക്ക് വക്കീൽ നോട്ടീസ് അയച്ചതായും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.