ചെന്നൈ : തമിഴ്നാട്ടിൽ ഡി.എം.കെയും കോൺഗ്രസുമായുള്ള ഒന്നാംഘട്ട സീറ്റ് വിഭജന ചർച്ച ഇന്ന്. മുതിർന്ന കോൺഗ്രസ് നേതാവും നാഷണൽ അലയൻസ് കമ്മിറ്റിയുടെ കൺവീനറുമായ മുകുൽ വാസ്നിക് തമിഴ്നാട്ടിലെ നേതാക്കളുമായി സംസാരിക്കുമെന്നാണ് റിപ്പോർട്ട്. സൽമാൻ കുർഷിദ്, അജോയ് കുമാർ എന്നീ കോൺഗ്രസ് നേതാക്കളും ഡി.എം.കെ സീറ്റ് വിഭജന കമ്മറ്റിയുമായി ചർച്ച നടത്തും.
2019ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച സീറ്റുകൾ കോൺഗ്രസ് പാർട്ടി പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 10 സീറ്റിൽ മത്സരിക്കുകയും ഒമ്പതിലും വിജയിക്കുകയും ചെയ്തിരുന്നു. ഡി.എം.കെ മത്സരിച്ച 20 സീറ്റിലും വിജയിച്ചു. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യം മത്സരിച്ച 39ൽ 38 സീറ്റും നേടി.
ഇൻഡ്യ സഖ്യത്തിലെ പ്രധാന കക്ഷികളായ ശിവസേന (യു.ബി.ടി), തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ് എന്നിവ സംസ്ഥാനങ്ങളിൽ നിശ്ചിത എണ്ണം സീറ്റുകൾ എന്ന തങ്ങളുടെ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ സീറ്റ് വിഭജനം ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഈ മാസം ആദ്യം സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ലഖ്‌നോവിൽ മുൻ എം.പിമാരും മുൻ എം.എൽ.എമാരും മുൻ എം.എൽ.സിമാരും ഉൾപ്പെടുന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയസാധ്യതയാണ് സീറ്റുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ കോൺഗ്രസുമായി സീറ്റ് പങ്കിടൽ ചർച്ച നല്ല തുടക്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.