ശബരിമല സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലെ സംഘ്പരിവാർ പ്രൊഫൈലുകൾ നടത്തുന്ന വ്യാജ പ്രചാരണം പൊളിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. നിലയ്ക്കലിലെ തിരക്കിൽ കൂട്ടം തെറ്റിയ കുഞ്ഞ് കരഞ്ഞുകൊണ്ട് അച്ഛനെ തിരയുന്ന ദൃശ്യങ്ങൾ ഉപയോഗിച്ചാണ് വ്യാപകമായി വ്യാജ പ്രചാരണം നടത്തുന്നത്.
ശബരിമലയിൽ ദർശനത്തിനെത്തിയ കുഞ്ഞ് കരയുന്ന വിഡിയോയുടെ ആദ്യഭാഗത്തെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്. എന്നാൽ, അച്ഛനെ കാണാതെ കരയുന്ന കുട്ടിയുടെ അടുത്തേക്ക് പിന്നീട് പൊലീസുകാരൻ എത്തുന്നതും ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ ഉണ്ട്. ഒടുവിൽ കുട്ടിയുടെ അടുത്തേക്ക് അച്ഛൻ എത്തുന്നതും ഇരുവരും സന്തോഷത്തോടെ മടങ്ങുന്നതാണ് വിഡിയോയിലുള്ളത്. എന്നാൽ, വിഡിയോയിലെ വിവരങ്ങൾ ഭാഗികമായി മാത്രമാണ് സംഘ്പരിവാർ പ്രൊഫൈലുകളിൽ കാണിക്കുന്നത്. വിഡിയോ ഉപയോഗിച്ച് കേരളത്തിനെതിരെയും സംസ്ഥാന സർക്കാറിനെതിരെയും വ്യാപകമായി വ്യാജ പ്രചാരണം നടത്തി.
കേരളത്തിലെ ഹിന്ദുക്കൾ നേരിടുന്ന ക്രൂരത, കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ഹിന്ദുക്കളോട് ചെയ്യുന്നത് ഇതാണ്, ഗസ്സയിലെ കുട്ടികളെ ഉയർത്തികാണിക്കുന്ന കേരളത്തിലെ സർക്കാർ കേരളത്തിലെ ഹിന്ദു കുട്ടികളോട് കാണിക്കുന്നത് ക്രൂരതയാണ് എന്ന തരത്തിൽ കേരളത്തിനെതിരെ വ്യാപകമായ പ്രചരണമാണ് ഈ വീഡിയോക്കൊപ്പം സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. വ്യാജ പ്രചാരണം വ്യാപകമാവുന്നതിനിടെയാണ് ഇതിലെ സത്യാവസ്ഥ മാധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈർ പുറത്ത് കൊണ്ടു വന്നത്.