മുംബയ്: നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മ്മയെ നീക്കിയതിനെത്തുടര്‍ന്നുള്ള ആരാധക രോഷം ഇനിയും അടങ്ങിയിട്ടില്ല. മുംബയ് ഇന്ത്യന്‍സിന്റെ വിവിധ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഇതിനോടകം ലക്ഷക്കണക്കിന് ആരാധകര്‍ ടീമിനെ അണ്‍ഫോളോ ചെയ്തുകഴിഞ്ഞു. ഇതിനിടെയാണ് രോഹിത്തിനെ നീക്കിയതില്‍ പ്രതിഷേധിച്ച് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുംബയ് ഇന്ത്യന്‍സിന്റെ ഉപദേശക സ്ഥാനം രാജിവെച്ചെന്ന വാര്‍ത്ത പുറത്ത് വന്നത്. സച്ചിന്റെ രാജിവാര്‍ത്ത രോഹിത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
രോഹിത്തിന്റെ സംഭവത്തോടെ നിരവധി ഫോളോവേഴ്‌സിനെ നഷ്ടമായ മുംബയ്ക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ ക്ലബ്ബ് എന്ന റെക്കാഡ് നഷ്ടമായിരുന്നു. അപ്പോള്‍ സച്ചിന്‍ കൂടി ടീമുമായുള്ള ബന്ധം അവസാനിപ്പിച്ചാലോ? സച്ചിന്റെ സാന്നിദ്ധ്യം കൊണ്ടാണ് മുംബയ് ഇത്രയും ആരാധകപിന്തുണയുള്ള ടീമായി മാറിയത്. സച്ചിന്‍ കളി മതിയാക്കിയ ശേഷം രോഹിത്ത് ആണ് ടീമിന്റെ നെടുംതൂണ്‍.
2008ല്‍ ആദ്യ ഐപിഎല്‍ സീസണില്‍ ടീമിന്റെ ഐക്കണ്‍ പ്ലെയറായിരുന്നു സച്ചിന്‍. ടീമിന്റെ നായകന്‍ എന്നതിലുപരി മുംബയുടെ പര്യായം സച്ചിനായിരുന്നു. എന്തിനേറെ പറയുന്നു ടീമിന്റെ നാമകരണം പോലും സച്ചിന്റെ താത്പര്യം നോക്കിയാണ് നിര്‍വഹിച്ചത്. ഫ്രാഞ്ചൈസിക്ക് ആദ്യം നല്‍കാന്‍ തീരുമാനിച്ച പേര് ‘മുംബയ് റെയ്‌സേര്‍സ്’ എന്നായിരുന്നു. എന്നാല്‍ ഇന്ത്യ എന്ന പേര്കൂടി ചേര്‍ന്ന് വരുന്ന ഒരു പേരായിരിക്കണം ടീമിന് എന്ന സച്ചിന്റെ നിര്‍ദേശമാണ് മുബയ് റെയ്‌സേര്‍സ് മുംബയ് ഇന്ത്യന്‍സ് ആയതിന് പിന്നില്‍.
ഐക്കണ്‍ പ്ലെയറായും നായകനായും ഓപ്പണറായും ടീമില്‍ നിര്‍ണായക സ്വാധീനമുള്ള താരമായിരുന്നു സച്ചിന്‍. കരിയര്‍ അവസാനിപ്പിച്ച ശേഷവും മുംബയുടെ ഡഗ് ഔട്ടില്‍ സച്ചിന്‍ സ്ഥിര സാന്നിദ്ധ്യമാണ്. ഉപദേശകനായിട്ടാണ് കഴിഞ്ഞ 10 സീസണിലും സച്ചിന്‍ ടീമിനൊപ്പമുള്ളത്. അങ്ങനെ ടീം പിറവിയെടുത്തപ്പോള്‍ മുതല്‍ കൂടെയുള്ള സച്ചിന്‍ ബന്ധം അവസാനിപ്പിക്കുന്ന തരത്തിലുള്ള സാഹചര്യമുണ്ടാകാന്‍ മുംബയ് മാനേജ്‌മെന്റ് തയ്യാറാകുമോ?
യഥാര്‍ത്ഥത്തില്‍ സച്ചിന്‍ മുംബയ് ഇന്ത്യന്‍സുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നത് തെറ്റായ പ്രചാരണമാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ ഉപദേശകസ്ഥാനം ഒഴിയുന്നുവെന്ന പ്രചാരണം വസ്തുതയുള്ളതല്ല. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ ഇത്രയും പ്രതിഷേധമുണ്ടെങ്കില്‍ സച്ചിന്‍ വിട്ടുപോയാല്‍ പിന്നെ മുംബയ് ഇന്ത്യന്‍സ് ഒരു സാധാരണ ഐപിഎല്‍ ടീമായി മാറും എന്ന് മാനേജ്‌മെന്റിനും വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ അങ്ങനെയൊരു സാഹചര്യത്തിന് വഴിവെക്കില്ല മാനേജ്‌മെന്റ്.
മുംബയ് ഇന്ത്യന്‍സ് ഉടമകളായ അമ്പാനി കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കുള്ളത്. സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബയ് ഇന്ത്യന്‍സ് താരമാണ്. ഒരു ഐപിഎല്‍ കരാര്‍ കിട്ടാന്‍ പോന്ന പ്രകടനമൊന്നും നാളിതുവരെ നടത്തിയിട്ടില്ലാത്ത അര്‍ജുന് ടീമില്‍ ഇടമുള്ളത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അമ്പാനി കുടുംബവുമായുള്ള ബന്ധത്തിന്റെ പുറത്ത് മാത്രമാണെന്നത് പൊതുവേ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.
മകന്റെ ടീമിലെ സ്ഥാനം അല്ല മുംബയും സച്ചിനും തമ്മിലുള്ള ബന്ധം. അത് സൗഹൃതത്തിന്റെയും ടീമിലെ അഭിവാജ്യഘടകമായ സച്ചിന്റെ സാന്നിദ്ധ്യത്തിന്റെ വില മുംബയ്ക്ക് നന്നായി അറിയാവുന്നത്‌കൊണ്ടുമാണ്. മാത്രമല്ല ടീമിന്റെ ഭാവി സംബന്ധിക്കുന്ന ഒരു നിര്‍ണായക മാറ്റമാണ് രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയത്. ഈ തീരുമാനം ഒരിക്കലും സച്ചിനുമായിട്ടും കൂടിയാലോചിക്കാതെ മുംബയ് സ്വീകരിക്കില്ല. അതുകൊണ്ട് തന്നെ ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന സച്ചിന്റെ രാജി വാര്‍ത്ത തീര്‍ത്തും തെറ്റായതാണെന്ന് ഉറപ്പിക്കാം.