മുംബയ്: ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർമാർക്കുമില്ലാത്ത റെക്കാഡ് സ്വന്തമാക്കി താരമാണ് മുഹമ്മദ് ഷമി. ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ താരം എന്ന റെക്കോഡാണ് ഷമി സ്വന്തം പേരിലാക്കിയിരുന്നത്. ജവഗൽ ശ്രീനാഥ്, സഹീർ ഖാൻ എന്നിവരുടെ പേരിലുണ്ടായിരുന്ന 44 വിക്കറ്റുകളുടെ റെക്കോഡാണ് ഷമി തകർത്തത്. ഇപ്പോഴിതാ ലോകകപ്പ് ഫെെനലിന് ശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ് മുഹമ്മദ് ഷമി. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മുഹമ്മദ് ഷമി മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന. അടുത്തിടെ ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പമുള്ള ചിത്രം ഷമി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഇത് താരം ബി ജെ പിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ കൂടുതൽ ബലപ്പെടുത്തുകയാണ് ചെയ്തത്. ബി ജെ പി നേതാവ് അനിൽ ബലൂനിയുടെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തിൽ മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ വച്ചാണ് താരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് കൂടാതെ യു പി മുഖ്യമന്ത്രി അടുത്തിടെ മുഹമ്മദ് ഷമിയുടെ ജന്മനാടായ അംറോഹയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഉത്തരവിട്ടിരുന്നു. ഒപ്പം അടുത്തിടെ ഇന്ത്യയുടെ ലോകകപ്പ് തോൽവിയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി ഡ്രസ്സിംഗ് റൂമിൽ വച്ച് ഷമിയെ ആലിംഗനം ചെയ്തതുമെല്ലാം ഈ അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി.