തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നോട്ടിസ് വിവാദത്തിന് പിന്നാലെ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ നിന്ന് വിട്ടുനിന്ന് രാജകുടുംബ പ്രതിനിധികള്‍. ഗൗരി ലക്ഷ്മിഭായി, ഗൗരി പാര്‍വതിഭായി എന്നിവരെയാണ് ചടങ്ങിന് ക്ഷണിച്ചിരുന്നത്. അതേസമയം, രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കാത്തത് അനാരോഗ്യം മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷിക പരിപാടിയുടെ ഭാഗമയി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇറക്കിയ നോട്ടിസാണ് വിവാദത്തിലായത്. തിരുവിതാംകൂര്‍ രാജകുടുംബത്തെ അതിരുവിട്ടാണ് പുകഴ്ത്തിയിരിക്കുന്നത്. നോട്ടിസില്‍ ക്ഷേത്രപ്രവേശന വിളംബരം ശ്രീചിത്തിരതിരുനാളിന്റെ നേട്ടമെന്ന നിലയിലും അവതരിപ്പിച്ചിട്ടുണ്ട്. സനാധന ധര്‍മം ഹിന്ദുക്കളെ ഉദ്‌ബോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്മൃതി സുന്ദരമായ ആ രാജകല്‍പനയുടെ ക്ഷേത്ര പ്രവേശന വിളംബര സ്മാരകത്തിന്റെ നവീകരണ സമര്‍പ്പണവും തമ്പുരാട്ടിമാര്‍ തന്നെ. ഈ ചടങ്ങ് കാണാനായി ക്ഷണിച്ചിരിക്കുന്നവരേയും പ്രത്യേകം ശ്രദ്ധിക്കണം. ഭക്തജനങ്ങളും ദേവസ്വം ഉദ്യോഗസ്ഥന്‍മാരും വരണം. എന്നാല്‍ ദേവസ്വത്തിലെ വനിതകള്‍ക്ക് ക്ഷണമില്ല. നോട്ടിസ് പുറത്തിറങ്ങിയതിനു പിന്നാലെ വിമര്‍ശനങ്ങളും വിവിധ കോണില്‍നിന്നുമെത്തി.