എടത്തല: ആരംഭം കുറിച്ച് മൂന്നര പതിറ്റാണ്ടിലധികമായിട്ടും മുന്നോട്ട് പോകാനാകാതെ എടത്തല യൂനാനി ആശുപത്രി. തുടക്കത്തിലുണ്ടായിരുന്ന സൗകര്യം പോലുമില്ലാതെ കിതക്കുകയാണ് ആതുരാലയം. നിലവിൽ ഇടുങ്ങിയ മുറിയിൽ ചെറിയൊരു മരുന്നുകട പോലെ പ്രവർത്തിക്കുകയാണ് യൂനാനി ആശുപത്രി.
1986ലാണ് സെന്റർ ആരംഭിച്ചത്. എടത്തല യതീംഖാനയിൽ സ്ഥാപിതമായ ആശുപത്രിയിൽ നിരവധി പേർ ചികിത്സ തേടിയെത്തി. എന്നാൽ, സ്ഥലപരിമിതി മൂലം യതീംഖാന അധികൃതർ ഒഴിവാക്കൽ നോട്ടീസ് നൽകി. 1997ൽ അന്നത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ പ്രവർത്തിക്കാൻ അനുവദിച്ചു.ആശുപത്രി പിന്നീട് റീജനൽ റിസർച് സെന്ററായി ഉയർത്തുകയും ഇതിന് കീഴിൽ പലയിടങ്ങളിലും സെന്ററുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്ന കാര്യത്തിൽ പിന്നീട് വന്ന ഭരണ സമിതികൾ ഒന്നും ചെയ്തില്ല. തുടർന്ന് സ്ഥാപനം നഷ്ടപ്പെടുമെന്ന ഭീഷണി വീണ്ടും ഉയർന്നു.ഈ ഘട്ടത്തിലാണ് 2010ൽ വന്ന ഭരണ സമിതി സ്ഥലം കണ്ടെത്തി കെട്ടിടം സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി യൂനാനി ഡയറക്ടർ ജനറലിനെ 2012ൽ എടത്തലയിലേക്ക് ക്ഷണിച്ചു. സ്ഥലം സന്ദർശിച്ച ഡയറക്ടർ ജനറൽ, ഒരേക്കർ സ്ഥലം അനുവദിച്ചാൽ റീജനൽ സെന്റർ റീജനൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി 10 കോടി അനുവദിക്കുകയും ചെയ്തു. ഇതോടെ സ്ഥലം കണ്ടെത്താനുള്ള നീക്കം പഞ്ചായത്ത് ഊർജിതമാക്കി.
ഇതിനായി സർവകക്ഷിയോഗവും ആരോഗ്യമേഖല പ്രവർത്തക യോഗവും വിളിച്ച് ധാരണയിലെത്തി. അൽ അമീൻ കോളജിനടുത്തുള്ള ആറ് ഏക്കറിൽനിന്നോ, പഞ്ചായത്തുവക കളിസ്ഥലമോ, നാലാംമൈൽ പി.വി.ഐ.പി വക സ്ഥലമോ അനുവദിക്കണമെന്ന് പഞ്ചായത്ത് ഓഫിസിൽ ചേർന്ന സർവകക്ഷി യോഗവും പഞ്ചായത്ത് ഭരണസമിതിയും സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതേതുടർന്ന്, പരിശോധിച്ച് ഉചിതമായ സ്ഥലം വിട്ട് നൽകാൻ കലക്ടർക്ക് സർക്കാർ നിർദേശം നൽകി.
ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുടെ ഭാഗമായി മൂന്ന് സ്ഥലങ്ങളും റവന്യൂ അധികൃതർ പരിശോധിച്ചു. എൻ.എ.ഡി സുരക്ഷ മേഖലയിൽപെട്ട അൽ അമീൻ കോളജിനടുത്ത സ്ഥലവും പൊതുകളിസ്ഥലമായ പഞ്ചായത്ത് കളിസ്ഥലവും വിട്ടുനൽകാൻ കഴിയില്ലെന്ന് പരിശോധന നടത്തിയവർ വ്യക്തമാക്കി. നാലാം മൈലിലെ പി.വി.ഐ.പി സ്ഥലം സർക്കാർ തീരുമാനിച്ചാൽ വിട്ടുകൊടുക്കാമെന്നും റിപ്പോർട്ട് നൽകി.
ഇതോടെ നാട്ടുകാർ പ്രദേശിക വാദങ്ങൾ ഉയർത്തി ചേരിതിരിഞ്ഞ് തർക്കം രൂക്ഷമായി. ഇതാണ് ആശുപത്രി വികസനത്തിൽ തിരിച്ചടിയായത്.