മാവേലിക്കര: 2021 ഡിസംബറിലാണ് ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. അൽപം മുമ്പാണ് കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.
ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളായ നൈസാം, അജ്‌മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്‌ദുൾ സലാം, സഫറുദ്ദീൻ, മൻഷാദ് എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 13, 14, 15 പ്രതികളായ സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർനാസ് അഷ്‌റഫ് എന്നിവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളുടെ പേരിൽ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഒന്ന്, രണ്ട്, ഏഴ് പ്രതികൾക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിനും തെളിവ് നശിപ്പിച്ചതിനുമുള്ള കുറ്റവും തെളിഞ്ഞു. അരുംകൊല നടന്ന് രണ്ട് വർഷങ്ങൾക്കിപ്പുറമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ജനുവരി 22നാണ് ശിക്ഷാവിധി.
ആലപ്പുഴ ഭയന്ന രണ്ട് ദിനങ്ങൾ
2021 ഡിസംബർ പത്തൊൻപതിനാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. രാവിലെ ആലപ്പുഴ വെളളക്കിണറിൽ വീട്ടിൽ നിന്നും പ്രഭാത നടത്തത്തിന് പുറപ്പെടുകയായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ ആറ് ബൈക്കുകളിലെത്തിയ സംഘം ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം ശരീരത്തിൽ തുരുതുരെ വെട്ടിക്കൊല്ലുകയായിരുന്നു. ഇരുപതിലേറെ തവണയാണ് വെട്ടിയത്.
അക്രമികളുടെ വെട്ടേറ്റ് ചോരയൊലിപ്പിച്ച് നിൽക്കുന്ന മകനെയാണ് ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലെത്തിയ രഞ്ജിത്തിന്റെ അമ്മ കണ്ടത്. നിലവിളിച്ചുകൊണ്ട് തടയാൻ ശ്രമിച്ച അമ്മയെ പ്രതികൾ തളളിയിട്ട് കഴുത്തിൽ കത്തിവച്ചു. മകൻ വെട്ടേറ്റ് വീഴുന്നതും ചോരയൊലിച്ച് പിടഞ്ഞുമരിക്കുന്നതും കണ്ടു നിൽക്കേണ്ടിവന്നു. രഞ്ജിത്തിന്റെ ഭാര്യയും ഇളയ മകളും ഇതേ അവസ്ഥയിലായിരുന്നു. മകളെയും പ്രതികൾ വെട്ടാൻ ശ്രമിച്ചിരുന്നു.
എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയതിന് പ്രതികാരമെന്നവണ്ണമായിരുന്നു ബി ജെ പി നേതാവായ രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ഡിസംബർ പതിനെട്ടിന് രാത്രിയോടെയാണ് ഷാനിന്റെ കൊലപാതകവിവരം പുറത്തറിഞ്ഞത്. മണിക്കൂറുകൾക്കിപ്പുറമാണ് രഞ്ജിത്തിനെ തേടി കൊലയാളികളെത്തിയത്.
നിർണായക തെളിവായി ഫോണിലെ ഹിറ്റ്‌ലിസ്റ്റ്
കേസിൽ ആലപ്പുഴ ഡി വൈ എസ് പിയായിരുന്ന എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. കേസിൽ156 സാക്ഷികളെ വിസ്തരിച്ചു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളുമൊക്കെ പരിശോധിച്ചു.
മൂന്നാം പ്രതിയായ അനൂപിന്റെ ഫോണാണ് കേസിലെ നിർണായക തെളിവായി കണക്കാക്കുന്നത്. കൊല്ലേണ്ടവരുടെ ലിസ്റ്റ് (ഹിറ്റ്‌ലിസ്റ്റ്) പ്രതികൾ ഫോണിൽ തയ്യാറാക്കിയിരുന്നെന്നും ഇതിലെ ആദ്യത്തെ പേര് രഞ്ജിത്തിന്റേതായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അനൂപിന്റെ ഭാര്യയുടെ വീട്ടിൽ നിന്നാണ് ഈ ഫോൺ കണ്ടെത്തിയത്.