ചലച്ചിത്ര മേളയ്ക്കിടെ വളരെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ഇപ്പോൾ ചലച്ചിത്ര അക്കാദമിയിൽ കലാപം നടക്കുകയാണ്. രഞ്ജിത്തിനെ തല്‍സ്ഥാനത്ത് നീക്കം ചെയ്യണമെന്ന് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പതിനഞ്ച് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഒമ്പത് പേരാണ് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം നടക്കുന്ന സമയത്ത് തന്നെ സമാന്തര യോഗം ചേര്‍ന്ന് രഞ്ജിത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. ചെയര്‍മാനായ രഞ്ജിത്തിന്റെ തൊട്ടടുത്ത മുറിയിലാണ് സമാന്തര യോഗം ചേര്‍ന്നത്.
രഞ്ജിത്തിനെ അക്കാദമി ചെയര്മാന് സ്ഥാനത്ത് ഇനി നിലനിര്‍ത്താൻ പാടില്ല എന്നുള്ളതാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആരോടും ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവുകയാണ് രഞ്ജിത്ത് ചെയുന്നതെന്നും. അതുപോലെ ആരെയും വിശ്വാസത്തിലെടുക്കാതെ ഒരു ഏകാധിപത്യ രീതിയിലാണ് ചെയര്മാന് പ്രവര്‍ത്തിക്കുന്നതെന്നും ആണ് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിക്കുന്നത്.
സി പി എം ഇടതു കേന്ദ്രങ്ങളില്‍ നിന്ന് തന്നെ രഞ്ജിത്തിനെതിരെ പല എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. രഞ്ജിത്ത് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. പ്രമുഖ സംവിധായകന് ഡോ. ബിജുവിനെതിരെ രഞ്ജിത്ത് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ വിവാദം വിളിച്ചുവരുത്തുകയുണ്ടായിരുന്നു. ബിജുവിനെതിരെയുള്ള വിമര്‍ശനങ്ങളടക്കം ഈ അഭിമുഖത്തിലെ ചെയര്‍മാന്റെ പല അഭിപ്രായങ്ങളും ചര്‍ച്ചയും ഒക്കെ തന്നെ വിവാദം ആയിരുന്നു.
ചെയര്മാൻ രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും അയച്ചിട്ടുണ്ട്. ചെയര്മാന് ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നു എന്നത് അടക്കമുള്ള പരാതികളാണ് അക്കാദമി അംഗങ്ങള്‍ക്ക് രഞ്ജിത്തിനെതിരെ പറയാനുള്ളത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചരിത്ര നടപടിയാണ് ഇത്. ചെയര്‍മാന്റെ നിലപാടുകളെക്കുറിച്ച് ഏറെനാളായി അംഗങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. അഭിമുഖത്തിലെ വിവാദത്തിന് തൊട്ടു പിന്നാലെ ഭിന്നത രൂക്ഷമാവുകയായിരുന്നു. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
ഡോ. ബിജുവിനെക്കുറിച്ചുള്ള രഞ്ജിത്തിന്റെ പരാമര്‍ശങ്ങളില്‍ സാംസ്കാരിക മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഡോ. ബിജുവുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്തതാണെന്നും വീണ്ടും ഈ വിഷയം പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നുമുള്ള അഭിപ്രായമാണ് സജി ചെറിയാന് ഉന്നയിച്ചത്. എന്നാൽ, അതേസമയം ചലച്ചിത്ര മേളയ്ക്കിടെ ഇത് സംബന്ധിച്ചുള്ള പ്രതികരണങ്ങള്‍ക്ക് അക്കാദമി അംഗങ്ങള്‍ തയ്യാറാകുന്നില്ല. രഞ്ജിത്തിനെതിരെയുള്ള യോഗത്തിൽ കുക്കു പരമേശ്വരനും മനോജ് കാനയും ഉണ്ടായിരുന്നു.
എന്നാൽ, താൻ ഒറ്റയ്ക്കല്ല തീരുമാനമെടുക്കുന്നതെന്നാണ് രഞ്ജിത്ത് പറയുന്നത്. നമുക്കൊരു സാംസ്കാരിക വകുപ്പും ഒരു മന്ത്രിയും ഉണ്ടെന്നും പരാതി അവർ പരിശോധിക്കുമെന്നും രഞ്ജിത്ത് അവരുമായി സംസാരിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. താൻ അക്കാദമി ചെയര്മാന് സ്ഥാനത്ത് തുടരാൻ അർഹനല്ലെങ്കിൽ പോകാൻ തയാറാണെന്നും രഞ്ജിത്ത് പ്രതികരിച്ചു.
ഡോ. ബിജുവുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്തതാണെന്നും വീണ്ടും ഈ വിഷയം പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നുമുള്ള അഭിപ്രായമാണ് സജി ചെറിയാന് ഉന്നയിക്കുന്നത്.
അതേ സമയം തനിക്കു എതിരെ ഭൂരിപക്ഷം പേര്‍ക്കും പരാതി ഉണ്ടെങ്കിൽ പ്രശ്നം ഗൗരവം ഉള്ളതായിരിക്കും എന്നും ആര്‍ക്കു വേണമെങ്കിലും പരാതിയും ആയി പോകാമെന്നും രഞ്ജിത് പ്രതികരിച്ചു. മന്ത്രി ചോദിച്ചാല്‍ പറയുമെന്ന് രഞ്ജിത് പറഞ്ഞു.