ജമ്മു: തെറ്റുകൾ വരുത്തരുതെന്നും അത് രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്നു യുവാക്കൾ ദുരൂഹസാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
ജമ്മുവിലെത്തിയ മന്ത്രി സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തി. കഴിഞ്ഞദിവസം പൂഞ്ചിലെ സുരൻകോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ധത്യാർ മോറിൽ ആയുധധാരികളായ നാല് ഭീകരർ രണ്ട് സൈനിക വാഹനങ്ങൾ ആക്രമിച്ചിരുന്നു. അഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത യുവാക്കളാണ് കൊല്ലപ്പെട്ടത്.
‘നിങ്ങൾ രാജ്യത്തിന്റെ സംരക്ഷകരാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ ഹൃദയം കീഴടക്കാനുള്ള ഉത്തരവാദിത്തവും നിങ്ങൾക്കുണ്ടെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഇന്ത്യക്കാരനെ വേദനിപ്പിക്കുന്ന ഒരു തെറ്റും വരുത്തരുത്’ -രാജ്നാഥ് സിങ് ജമ്മുവിൽ മാധ്യമങ്ങളോട് പറഞ്ഞു. ‘സൈന്യം ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തണം. നമുക്ക് യുദ്ധങ്ങൾ ജയിക്കണം, തീവ്രവാദികളെ ഇല്ലാതാക്കണം, പക്ഷേ ജനങ്ങളുടെ ഹൃദയം കീഴടക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. അതിനായി നിങ്ങൾ പരമാവധി ശ്രമിക്കുമെന്ന് എനിക്കറിയാം’ -പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈന്യം മുമ്പത്തേക്കാൾ ശക്തവും സുസജ്ജവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. രജൗരിയിലേക്ക് പോകുന്ന രാജ്നാഥ് പ്രദേശവാസികളുമായും മരിച്ചവരുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജമ്മുവിലുടനീളം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Read More:- അമേരിക്കയോട് വീണ്ടും സഹായം അഭ്യർഥിച്ച് ഇസ്രായേൽ