ഖത്തര്‍ കൈറ്റ് ഫെസ്റ്റിവല്‍ ഈ മാസം 25ന് പഴയ ദോഹ തുറമുഖത്ത് തുടങ്ങും. ഫെബ്രുവരി മൂന്നു വരെയായി 10 ദിവസം നീണ്ടുനിൽക്കുന്ന പട്ടം പറത്തൽ മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പട്ടം പറത്തല്‍ സംഘങ്ങളെത്തും.
60 പട്ടം പറത്തല്‍ സംഘങ്ങളാണ് ഇത്തവണ ഖത്തറിന്റെ ആകാശത്ത് കൂറ്റന്‍ പട്ടങ്ങളുമായി വിസ്മയം തീര്‍ക്കാനെത്തുന്നത്. ഖത്തർ ടൂറിസത്തിന്റെയും വേദി നൽകുന്ന പഴയ ദോഹ തുറമുഖത്തിന്റെയും പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്.
ക്രൂയിസ് ടെർമിനലിന് മുന്നിലാണ് മേളയുടെ വേദി. തിരക്കേറിയ ക്രൂസ് സീസണിൽ ഖത്തറിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് വ്യത്യസ്തയാർന്ന വിനോദം കൂടി പകരുന്നതായിരിക്കും കൈറ്റ് ഫെസ്റ്റ്.
മേളയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പട്ടം പറത്തൽ, ഗെയിംസ് ഏരിയ, അന്താരാഷ്ട്ര രുചിവൈവിധ്യങ്ങളോടെയുള്ള ഫുഡ് കോർട്ട്, സൗജന്യ പട്ടം നിർമാണ ശിൽപ്പശാല തുടങ്ങി നിരവധി പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്.