കൊച്ചി: കക്കാടംപൊയിലിൽ പി വി അൻവറിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പാർക്ക് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്‍റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ലൈസൻസിനായി അപൂർണമായ അപേക്ഷയാണ് നൽകിയതെന്നും അപേക്ഷയിലെ പിഴവ് തിരുത്താൻ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.
ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ ഇന്ന് മറുപടി നൽകാൻ സർക്കാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയടക്കം കണക്കിലെടുത്ത് കളക്ടർ അടച്ച് പൂട്ടിയ പി വി ആർ നാച്വറോ പാർക്ക് ഭാഗീകമായി തുറക്കാൻ മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റിയാണ് അനുമതി നൽകിയത്. പി വി അൻവർ എം എൽ എ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി.