ആലപ്പുഴ: മണ്ഡലകാലം സജീവമായതോടെ സ്വാമിമാരുടെ ഇഷ്ടവിഭവമായ പുഴുക്കൊരുക്കാൻ ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങൾക്ക് വൻ ഡിമാന്റായി. ഇതോടെ ഗ്രാമ നഗരഭേദമില്ലാതെ വിലയുംകൂടി. വൃശ്ചികം തുടങ്ങി രണ്ടാഴ്ചയായിട്ടും നടുധാന്യങ്ങളെന്ന് വിശേഷിപ്പിക്കുന്ന ഇവയിലൊന്നിന്റെയും വില ഒരു രൂപപോലും കുറഞ്ഞിട്ടുമില്ല. ഗ്രാമീണവിപണികളിൽ കർഷകർ ഉൽപ്പാദിപ്പിക്കുന്ന നാടൻ സാധനങ്ങൾക്കായി കച്ചവടക്കാരുടെ മത്സരമാണ്. ഉൾനാടൻ ഗ്രാമങ്ങളിൽ ഇവയ്ക്ക് നേരിയ വിലക്കുറവുണ്ടെങ്കിലും ചിലയിടങ്ങളിൽ നാടൻ ചേമ്പിന് 100 വരെ വിലയുണ്ട്.
വൃശ്ചികം മുതൽ മകരവിളക്കുവരെ നാടൻ കിഴങ്ങുവർഗങ്ങൾക്ക് നല്ല ആവശ്യക്കാരുള്ള കാലമാണ്. നാടാകെ പുഴുക്കുവിഭവങ്ങൾ തയ്യാറാക്കുന്ന ധനുമാസ തിരുവാതിര കൂടിയെത്തുന്നതോടെ പച്ചക്കറി വ്യാപാര കേന്ദ്രങ്ങളിൽ ചേനയും ചേമ്പും നാടൻ കിഴങ്ങുവർഗങ്ങളും കണികാണാൻപോലുമില്ലാതാകും. ശബരിമല വ്രതം നോക്കുന്നവർ വീടുകളിലും ക്ഷേത്രങ്ങളിലും ശബരിമലയ്ക്ക് പോകുംമുമ്പ് അന്നദാനത്തിന്റെ ഭാഗമായി നടത്തുന്ന കഞ്ഞിയും കുഴയുമാണ് (അസ്ത്രം) ഈ സീസണിൽ ചേനയും ചേമ്പുമുൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങൾക്ക് ഡിമാന്റ് കൂട്ടുന്നത്.
മണ്ഡലകാലത്ത് പച്ചക്കറികൾക്കുള്ള സ്വാഭാവിക വിലക്കയറ്റവും ഇവയെ ബാധിക്കും. നാട്ടിൻ പുറങ്ങളിൽ പൊതുവിൽ കിഴങ്ങുവർഗങ്ങളുടെ ഉൽപ്പാദനം കുറഞ്ഞതോടെ ഉള്ളവയ്ക്ക് നല്ല ഡിമന്റാണ്. ചോദിക്കുന്ന വില കൊടുത്താണ് മാർക്കറ്റുകളിൽ നിന്ന് കച്ചവടക്കാർ ഇവ വാങ്ങികൊണ്ടുപോകുന്നത്. കച്ചവടക്കാരുടെ ലാഭം കൂടിയാകുമ്പോൾ പലതിനും വില വീണ്ടും ഉയരും. മരച്ചീനി, വാഴക്കായ്, ചീമക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ, മത്തങ്ങ തുടങ്ങിയവയാണ് മണ്ഡലകാലത്ത് പുഴുക്കിനും കുഴയ്ക്കുമായി ഏറ്റവുമധികം ചെലവാകുന്നത്. ഇതിൽ ഏത്തയ്ക്ക ഒഴികെ എല്ലാത്തിനും നല്ല ആവശ്യക്കാരുണ്ട്…