കാസർകോട്: പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. JC 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. കാസർകോട് ഹൊസങ്കടിയിൽ ഉള്ള ഭാരത് എന്ന ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഏജൻസി. എന്നാൽ, ആർക്കാണ് സമ്മാനം ലഭിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കണ്ണൂർ, എറണാകുളം തുടങ്ങിയ ജില്ലകളിലെ കടകളിൽ ലോട്ടറി വിൽപ്പന നടത്തുന്നവരാണ് ഇവർ. കാറിൽ സഞ്ചരിച്ചും വിൽപ്പന നടത്താറുണ്ട്. അതിനാൽ തന്നെ എവിടെയാണ് ടിക്കറ്റ് വിറ്റത് എന്നതിൽ കൺഫ്യൂഷനുണ്ട് എന്നും ഏജന്റ് പറയുന്നു. കർണാടകത്തിൽ നിന്നും നിരവധിപേർ ടിക്കറ്റ് എടുക്കാറുണ്ടെന്നും ഇവർ പറയുന്നു. കണ്ണൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലും ഇവർ ടിക്കറ്റ് വിൽക്കുന്നുണ്ട്. ‘ഭാഗ്യവാൻ ആരാണെന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്. എവിടെയാണ് ടിക്കറ്റ് വിറ്റത് എന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. മുമ്പ് ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. പക്ഷേ ബമ്പർ അടിക്കുന്നത് ആദ്യമായാണ്. പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനങ്ങളിൽ ഒന്നും നമുക്കാണെന്ന് സൂചനയുണ്ട്. എന്നാൽ അതിലും വ്യക്തത വന്നിട്ടില്ല. ‘ – മേരിക്കുട്ടിയുടെ ഭർത്താവ് ജോജോ ജോസഫ് പറഞ്ഞു.