കോട്ടയം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലവറയിൽ ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരി തന്നെ. കഴിഞ്ഞ തവണത്തെ നോൺവെജ് വിവാദത്തെ തുടർന്ന് കലാമേളയിൽ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം പ്രഖ്യാപിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെൻഡറിൽ പഴയിടം പങ്കെടുത്തത്. താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് പഴയിടം മോഹനൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജനുവരി 3 ന് കൊല്ലത്തെ കലോത്സവ കലവറയിൽ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ നോൺ വെജ് വിഭവങ്ങളും ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞ തവണ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രഖ്യാപിച്ചത്. വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നുമാണ് പഴയിടം മോഹനൻ നമ്പൂതിരി അന്ന് പറഞ്ഞത്. എന്നാല്‍, ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായതോടെ പഴയിടം വീണ്ടും കലോത്സവത്തിലേക്ക് തിരികെ എത്തുകയാണ്.
Read More:- നവകേരള സദസിൽ പരാതി പ്രവാഹം; ലഭിച്ചത് 6 ലക്ഷത്തിലധികം പരാതികൾ