പനമരം: പനമരത്ത് ഡി.വൈ.എഫ്.ഐ-യും യൂത്ത് ലീഗും തമ്മിൽ സംഘർഷം.വെള്ളിയാഴ്ച ദ്വാരകയിൽ പോളി ടെക്നിക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരും എം.എസ്.എഫുകാരും തമ്മിൽ സംഘർഷം നടന്നിരുന്നു. യൂത്ത് ലീഗുകാർക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും മർദനമേറ്റു. ഇതിന്റെ തുടർച്ചയാണ് രാത്രി 10ന് പനമരം പാലം അപ്രോച്ചു റോഡിൽ ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗുകാരും തമ്മിൽ പ്രശ്നമുണ്ടായത്.ദ്വാരകയിലെ പ്രശ്നത്തിൽ പരക്കുനിയിലെ യൂത്ത് ലീഗ് പ്രവർത്തകനെ കൈയ്യേറ്റം ചെയ്യാൻ സാധ്യത ഉണ്ടന്നറിഞ്ഞു പരക്കുനിയിൽ എത്തിയതായിരുന്നു യൂത്ത് ലീഗ് പ്രവർത്തകനായ ഷൈജൽ. രാത്രി ഒരു മണിയോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാരകായുധങ്ങളുമായി എത്തി ഷൈജൽ ഉൾപ്പെടെയുള്ളവരെ മർദിക്കുകയായിരുന്നെന്നാണ് യൂത്ത് ലീഗുകാർ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഷൈജലിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈജലിന്റെ ശരീരമാസകലം ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച പാടുകളുണ്ട്. തലക്കും പരിക്കുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലായി പന്ത്രണ്ടോളം സ്റ്റിച്ചുകളുണ്ട്. സംഘർഷത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരിക്ക് പറ്റിയിട്ടുണ്ട്. മാനന്തവാടിയിലെ നവകേരള സദസ്സിലേക്ക് പോകുന്ന മുഖ്യമന്ത്രിക്ക് കൈതക്കലിൽ വെച്ചു കരിങ്കൊടി കാണിക്കുമെന്ന സന്ദേശത്തെ തുടർന്നു അറസ്റ്റ് ചെയ്ത് പൊലീസ് ജീപ്പിൽ കയറ്റിയ യൂത്ത് ലീഗ് പ്രവർത്തകരെ ഡി.വൈ എഫ്.ഐ പ്രവർത്തകർ നേരത്തേ മർദിച്ചിരുന്നു. സംഭവത്തിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, കടവത്ത് മുഹമ്മദ്, ഉസ്മാൻ പള്ളിയാൽ, വെട്ടൻ അബ്ദുള്ള ഹാജി,അഡ്വ. അബ്ദുൽ റഷീദ് പടയൻ, എം.സുലൈമാൻ ഹാജി, പി.വി.എസ്.മൂസ, ഹാരിസ് കാട്ടിക്കുളം, കുനിയൻ അബ്ദുൽ അസീസ്, കബീർ മാനന്തവടി എന്നിവർ പ്രതിഷേധിച്ചു.