തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാർശകൾ ഇല്ലാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതി റിപ്പോർട്ട്. ഷൗക്കത്തിനെ കർശനമായി താക്കീത് ചെയ്യണമെന്നാണ് ശുപാർശ. അച്ചടക്കസമിതിയുടെ റിപ്പോർട്ട് കെപിസിസി അധ്യക്ഷന് കൈമാറി. ഇനി നിർണായകം കെപിസിസിയുടെ നിലപാടാകും. ആര്യാടന്‍ ഷൗക്കത്തിന്‍റേത് സമാന്തര സംഘടനാ പ്രവര്‍ത്തനമാണെന്നും പാര്‍ട്ടി വിരുദ്ധമെന്നും പ്രഖ്യാപിച്ച കെപിസിസി ഒടുവില്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയാണ്. കടുത്ത അച്ചടക്ക നടപടികളൊന്നും വേണ്ടതില്ലെന്നാണ് നേതൃനിരയിലെ അഭിപ്രായം. വിശദമായ വാദം കേട്ട അച്ചടക്ക സമിതി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കടുത്ത നടപടികളൊന്നും ശുപാര്‍ശ ചെയ്യുന്നില്ല. സീല്‍ ചെയ്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ചയെ കെപിസിസി പ്രസിഡന്‍റ് തുറക്കുക പോലുമുള്ളൂ. 23 നുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി കഴിയാനാണ് കാത്തിരിക്കുന്നത്. ചെറിയ തരത്തിലുള്ള നടപടി ഉണ്ടായാല്‍ പോലും കോഴിക്കോട് നടക്കുന്ന റാലിയെ ബാധിക്കുമെന്ന ഭയമാണ് പാര്‍ട്ടിക്കുള്ളത്. നേരത്തെ സിപിഎമ്മിന്‍റെ റാലിയില്‍ ഷൗക്കത്ത് പങ്കെടുക്കാതിരിക്കാനും അച്ചടക്ക സമിതിയുടെ യോഗങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ നല്‍കിയിരുന്നു. എന്നാല്‍ ഷൗക്കത്തിനെതിരെ കെപിസിസി നടപടി എടുത്തില്ലെങ്കില്‍, മലപ്പുറത്തെ ഔദ്യോഗിക പക്ഷം നിലപാട് കടുപ്പിക്കും.
പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്‍റെ പേരില്‍ നടപടിയെടുത്താല്‍ ന്യൂനപക്ഷ വോട്ടുകളില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം. എന്നാല്‍ സമാന്തര സംഘടനാ പ്രവര്‍ത്തനം നടത്തിയശേഷം പലസ്തീന്‍ വിഷയത്തെ കൂട്ടിപിടിച്ച് കെപിസിസിയെ തന്നെ പ്രതിസന്ധിയിലാക്കാനാണ് ഷൗക്കത്ത് ശ്രമിക്കുന്നതെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. ആര്യാടന്‍ ഫൗണ്ടേഷന്‍റെ പേരില്‍ തുടര്‍ച്ചയായി നടത്തുന്ന സമാന്തര സംഘടനാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കെപിസിസി നടപടി എടുത്തില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് വിഎസ് ജോയി പക്ഷം നല്‍കുന്നത്.
കെപിസിസി വിലക്ക് ഏർപ്പെടുത്തിയിട്ടും പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെ പാർട്ടി വിലക്കിയിരുന്നു. ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നാണ് കെപിസിസി നിലപാട്. പിന്നാലെ നവംബർ 12ന് ആര്യാടൻ ഷൗക്കത്തിന് എതിരായ അച്ചടക്ക ലംഘനം ചർച്ച ചെയ്യാനായി കെ.പി.സി.സി അച്ചടക്ക സമിതി യോഗം ചേർന്നു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള സമിതിയായിരുന്നു യോഗം ചേർന്നത്. ഇതിന് ശേഷമാണ് നിലവിൽ ആര്യാടൻ ഷൗക്കത്തിനെതിരായി കടുത്ത നടപടികൾ ഒഴിവാക്കിക്കൊണ്ടുള്ള അച്ചടക്ക സമിതി റിപ്പോർട്ട് വരുന്നത്.