വാഷിംഗ്‌ടൺ: അമേരിക്കയിൽ പാലസ്‌തീനിയൻ വംശജരായ യുവാക്കൾക്ക് നേരെ വെടിവച്ച് അക്രമി. ബർലിംഗ്‌ടൺ സിറ്റിയിലാണ് സംഭവമുണ്ടായത്. തെരുവിലൂടെ നടക്കുകയായിരുന്ന വിദ്യാർത്ഥികളായ മൂവരെയും വെടിവച്ച അക്രമി കടന്നുകളയുകയായിരുന്നെന്നാണ് വിവരം. ഹിസാം അവർത്ഥാനി, കിന്നൻ അബ്‌ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നീ യുവാക്കൾക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ടുപേർ ഐസിയുവിലാണ്.
അമേരിക്കൻ പൗരത്വം നേടിയവരാണ് യുവാക്കളിൽ രണ്ടുപേർ. ഒരാൾ നിയമപ്രകാരമുള്ള താമസക്കാരനും. ശനിയാഴ്‌ച വൈകുന്നേരമാണ് ഇവർക്കെതിരെ ആക്രമണം നടന്നത്. അക്രമിയെ ഇനിയും പിടികൂടിയിട്ടില്ല. സംഭവത്തിൽ ബർലിംഗ്‌ടൺ പൊലീസ് പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ഇതൊരു വംശീയ ആക്രമണമാകാമെന്നാണ് സൂചനകൾ. വംശീയതയാണ് ആക്രമണ കാരണമെന്ന് അമേരിക്കൻ അറബ് ആന്റി ഡിസ്‌ക്രിമിനേഷൻ കമ്മിറ്റിയും ആരോപിച്ചു.
ആക്രമണത്തിനിരയായവർ കെഫിയ ധരിക്കുന്നവരും അറബ് സംസാരിക്കുന്നവരുമായിരുന്നു. ഇതിനിടെ ഗാസയിൽ നാല് ദിവസം നീണ്ട താത്കാലിക വെടിനിറുത്തൽ കാലയളവ് ഇന്ന് അവസാനിക്കാനിരിക്കെ ഇന്നലെ 34 ബന്ദികളെ ഹമാസ് മോചിപ്പിച്ചു ( 26 ഇസ്രയേലി, ഏഴ് തായ്, ഒരുറഷ്യൻ വംശജൻ ). ഇന്നലെ പുലർച്ചെയും രാത്രിയുമായി 17 പേരെ വീതമാണ് മോചിപ്പിച്ചത്. ആകെ 78 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.