ഡൽഹി : സുരക്ഷാ വീഴ്ചയെ സംബന്ധിച്ച് ഇന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം തുടരും. സസ്പെന്‍റ് ചെയ്യപ്പെട്ട 92 എംപിമാരും പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിക്കും. സുരക്ഷാ വീഴ്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ സംസാരിക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും സഭാ അധ്യക്ഷന്മാർ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്നുമാണ് ബിജെപി വാദം. പാർലമെൻറ് അതിക്രമം അന്വേഷിക്കുന്ന സമിതി സഭയ്ക്കകത്ത് തെളിവെടുപ്പ് നടത്തി.സുരക്ഷ ഉദ്യോഗസ്ഥരുടെ മൊഴിയും സമിതി രേഖപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഇന്ന് ആറ് ബില്ലുകൾ സർക്കാർ അജണ്ടയിലുൾപ്പെടുത്തി. എല്ലാ എംപിമാരെയും സസ്പെൻഡ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷം. നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷനെന്ന് കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. പ്രതിഷേധം അവഗണിച്ചത് കൊണ്ടാണ് സ്പീക്കറുടെ ഡയസിൽ കയറിയതെന്ന് തമിഴ്നാട് എംപി കെ ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.