കണ്ണൂർ: ആമസോണിൽ ഓൺലൈൻ ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 1,89,400 രൂപ തട്ടിയതായി പരാതി. താണ കസാനക്കോട്ടയിലെ അബ്ദുൾലത്തീഫിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
അബ്ദുൾ ലത്തീഫിന്റെ മകൾക്ക് ആമസോണിൽ ഓൺലൈൻ ഫ്രീലാൻസ് ജോബ് വാഗ്ദാനം ചെയ്യുകയും, ടാസ്‌ക് നൽകി അതിൽ കാണിച്ച ഉത്പന്നങ്ങൾ കാഷ് നൽകി ഓർഡർ ചെയ്താൽ അടച്ച പണവും അതിന്റെ കമ്മിഷനും നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണു പണം തട്ടിയത്. ഈമാസം 16നും 17നും ഇടയിലാണ് പണം നഷ്ടമായത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് കമ്പനികളുടെ വ്യാജ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ജോലി വിശദീകരിച്ചുകൊണ്ട് യുവതിക്ക് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതിൽ കാണിച്ച കാര്യങ്ങൾ ഫോളോ ചെയ്യാൻ പറയുകയുമായിരുന്നു പിന്നീട് മോഹനവാഗ്ദാനങ്ങൾ നൽകി പലതവണകളായി ഓരോ ടാസ്‌ക് നൽകിയാണ് തട്ടിപ്പിനിരയാക്കിയത്.
ടാസ്‌ക് ചെയ്യുന്നതിനായി നിശ്ചിത പണം നൽകിയാൽ ടാസ്‌ക് പൂർത്തീകരിച്ചതിന് ശേഷം പണം ലാഭത്തോടെ തിരിച്ചു നൽകും എന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ചു.ശേഷം അതിനോട് അനുബന്ധിച്ച ലിങ്കുകളും മറ്റും അയച്ചു കൊടുത്ത് ടാസ്‌ക് ആരംഭിക്കാൻ ആവശ്യപ്പെട്ടു.
തുടക്കത്തിൽ ലാഭത്തോട് കൂടി പണം തിരികെ നൽകിയെങ്കിലും, പിന്നെ ടാസ്‌ക് ചെയ്യുന്നതിന് വേണ്ടി കൂടുതൽ പണം ആവശ്യപ്പെടുകയും പലകാരണങ്ങൾ പറഞ്ഞ് പണം തിരികെ നൽകാതിരിക്കുകയുമായിരുന്നു. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് യുവതിക്ക് മനസിലാകുന്നത്. അപ്പോഴേക്കും വലിയൊരു തുക അക്കൗണ്ടിൽ നിന്നും നഷ്ടമായിരുന്നു.