കൊൽക്കത്ത: നിരവധി തവണ ആവശ്യപ്പെട്ടിട്ടും റേഷൻ കടകളിൽ നരേന്ദ്രമോദിയുടെ ചിത്രം അടങ്ങിയ ഫ്ലക്‌സുകൾ സ്ഥാപിക്കാത്തതിനിന്റെ പേരിൽ നെല്ല് സംഭരണത്തിന് പശ്ചിമ ബംഗാൾ സർക്കാരിന് അനുവദിച്ച 7000 കോടി രൂപ തടഞ്ഞുവച്ച് കേന്ദ്രം.
സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകളിൽ മോദിയുടെ പടവും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ലോഗോയും ഉൾപ്പെടുന്ന സൈൻബോർഡുകളും ഫ്ലെക്‌സുകളും സ്ഥാപിക്കാൻ കേന്ദ്രം നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മമതാ ബാനർജി ചെവിക്കൊണ്ടിരുന്നില്ല. കേന്ദ്രത്തിന്റെ വിവധ പദ്ധതികൾക്കായി ബംഗാൾ 7000 കോടി രൂപയുടെ നെല്ലാണ് കഴിഞ്ഞ വർഷം കർഷകരിൽ നിന്ന് സംഭരിച്ചത്. തുക വിട്ടുനൽകാൻ കേന്ദ്രം വിസമ്മതിക്കുന്നത് നടപ്പ് സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ നെല്ല് ശേഖരണത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നത്.
എൻഎഫ്എസ്എ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ ഇതിനകം 8. 52 ലക്ഷം ടൺ ഉൾപ്പടെ 22 ലക്ഷം ടൺ നെല്ല് ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ സംഭരിച്ചിട്ടുണ്ട്. കേന്ദ്രപൂളിലേക്കുൾപ്പടെ ഈ വർഷം 70 ലക്ഷം ടൺ നെല്ല് സംഭരിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. എന്നാൽ പണം തടഞ്ഞുവച്ചത് ഖാരിഫ് സീസണിലെ നെല്ല് സംഭരണത്തെ ബാധിക്കുമെന്നാണ് ബംഗാൾ സർക്കാർ വ്യക്തമാക്കുന്നത്.
ഖാരിഫ് സീസണിലാണ് വാർഷിക ലക്ഷ്യമായ 70 ലക്ഷം ടണ്ണിന്റെ 80 ശതമാനവും സംഭരിക്കാൻ സംസ്ഥാനം ലക്ഷ്യമിടുന്നത്. ഈ സീസണിലെ സംഭരണം ഫെബ്രുവരി അവസാനം വരെ തുടരും. ഈ കാലയളവിൽ സമയബന്ധിതമായി ഫണ്ട് ലഭിച്ചില്ലെങ്കിൽ നെല്ല് സംഭരണത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്.