ഡൽഹി: ന്യൂസ് ക്ലിക്ക് കേസിൽ ഓൺലൈൻ പോർട്ടലിന്റെ എച്ച്.ആർ മേധാവി മാപ്പുസാക്ഷിയാകും. മാപ്പുസാക്ഷിയാകാനുള്ള അമിത് ചക്രവർത്തിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ന്യൂസ് പോർട്ടലിനെതിരായ യു.എ.പി.എ കേസിലാണ് നടപടി. ചൈനീസ് സ്ഥാപനങ്ങളിൽ നിന്ന് ന്യൂസ് ക്ലിക്ക് വിദേശനിക്ഷേപം സ്വീകരിച്ചത് രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും ഭീഷണിയാണെന്ന കേസിലാണ് നപടി.
മാപ്പുസാക്ഷിയാക്കണമെന്ന അപേക്ഷ ഈയടുത്താണ് ചക്രവർത്തി കോടതിയിൽ സമർപ്പിച്ചത്. ചക്രവർത്തിയുടെ നിലപാട് ന്യൂസ് ക്ലിക്ക് എഡിറ്റർ-ഇൻ-ചീഫും സ്ഥാപകനുമായ പ്രഭിർ പുരകായസ്തക്ക് കനത്ത തിരിച്ചടിയാണ്. കേസുമായി ബന്ധപ്പെട്ട് തന്റെ കൈയിലുള്ള വിവരങ്ങൾ ഡൽഹി പൊലീസുമായി പങ്കുവെക്കുമെന്നും ചക്രവർത്തി കോടതിയെ അറിയിച്ചു.
നേരത്തെ കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി പൊലീസിന് 60 ദിവസം കൂടി സമയം അനുവദിച്ചിരുന്നു. കേസിൽ അറസ്റ്റിലായ രണ്ട് പേരുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധിയും നീട്ടിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും അറസ്റ്റിലായത്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് ഡൽഹിയിൽ 88 സ്ഥലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ ഒമ്പതിടങ്ങളിലും റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ന്യൂസ് ക്ലിക്കിൽ ജോലി ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരുടെ വീടുകളിലടക്കം റെയ്ഡ് നടത്തിയിരുന്നു.