കൊച്ചി: സ്വർണവില വീണ്ടും മുകളിലേക്ക്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 48,480 രൂപയിലും ഗ്രാമിന് 6,060 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
24 കാരറ്റ് സ്വർണം പവന് 216 രൂപ വർധിച്ച് 52,888 രൂപയും 18 കാരറ്റ് പവന് 160 വർധിച്ച് 39,664 രൂപയുമായി.
ശനിയാഴ്ച 48,600 രൂപയായി ഉയര്‍ന്ന് സര്‍വകാല റിക്കാര്‍ഡ് ഇട്ട സ്വര്‍ണവില ബുധനാഴ്ച താഴ്ന്നിരുന്നു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് 47,000 രൂപ പിന്നിട്ട സ്വർണവില റിക്കാർഡുകൾ തിരുത്തി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. മാർച്ച് അഞ്ചിന് 47,560 രൂപയായി ഉയര്‍ന്ന് ആദ്യം സര്‍വകാല റിക്കാര്‍ഡിട്ട സ്വർണവില പിന്നീട് 48,000 കടന്നു. പിന്നീട് മാർച്ച് ഒമ്പതിന് ഇത് 48,600 രൂപയിലേക്ക് എത്തുകയായിരുന്നു.
മാർച്ച് അഞ്ച് മുതൽ ഒൻപത് വരെ തുടർച്ചയായി അഞ്ചു ദിവസം സർവകാല റിക്കാർഡ് തിരുത്തിക്കുറിച്ച് സ്വർണം മുന്നേറുകയായിരുന്നു. തുടർന്ന് മാർച്ച് 10 മുതൽ ചൊവ്വാഴ്ച വരെ സ്വർണവില 48,600 രൂപ എന്ന ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് വില 50,000 തൊടുമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പിനിടെയാണ് സ്വർണവില ഇന്നു വീണ്ടും ഉയർന്നത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. യുഎസ് വിപണി നേരിടുന്ന പണപ്പെരുപ്പമാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയും വെള്ളിയുടെ വിലയും ഇന്ന് ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.#gold