തിരുവനന്തപുരം: ഗ്രാമീണ സർവീസുകൾക്കായി പുതിയ ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. കുട്ടി ബസുകളായിരിക്കും ഇതിനായി വാങ്ങുന്നതെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ഗണേഷ് കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘കുട്ടി ബസുകൾക്ക് മൈലേജ് കൂടുതലാണ്. ടയറിനും വില കുറവാണ്. പല റൂട്ടുകളിലും വളരെ കുറവ് യാത്രക്കാരാണുള്ളത്. ഗ്രാമീണ മേഖലകളിൽ ധാരാളം പുതിയ റോഡുകൾ വന്നിട്ടുണ്ട്. കുട്ടി ബസുകൾ ആരംഭിച്ചാൽ വളരെ പ്രയോജനകരമാവും.
2001ൽ കൊണ്ടുവന്ന പരീക്ഷണം വീണ്ടും ആവർത്തിക്കും. ദീർഘദൂര ഡ്രൈവർമാർക്ക് എ സി താമസ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്. വിദ്യാർത്ഥി കൺസഷൻ വർദ്ധിപ്പിക്കേണ്ട ആവശ്യമില്ല. വിദ്യാർത്ഥികൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. ക്ളാസുകളുള്ള ദിവസങ്ങളിൽ മാത്രം കൺസഷൻ നൽകണം. ഇതിനായി പ്രത്യേക പാസ് നൽകുന്നത് പരിഗണനയിലില്ല’- മന്ത്രി വ്യക്തമാക്കി.